കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിൽ അമ്മ; അനിയത്തിയുമായി ക്ലാസിലെത്തി കുഞ്ഞേച്ചി- വേറിട്ട കാഴ്ച

June 24, 2024

എല്ലാവരുടെയും ബാല്യം ഒരുപോലെയാകില്ല. ചിലർക്കത് നൊമ്പരങ്ങളുടെയും ബാധ്യതകളുടെയും ഉത്തരവാദിത്തങ്ങളുടേതും കൂടിയായിരിക്കും. അങ്ങനെ ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തായ്‌ലൻഡിലെ ഒരു സ്‌കൂളിലെ 10 വയസ്സുകാരി തൻ്റെ അനുജത്തിക്ക് ക്ലാസിൽ കുറിപ്പുകൾ എഴുതുന്നതിനിടയിൽ കുപ്പിപ്പാൽ നൽകുന്ന കാഴ്ച ആളുകളുടെ ഹൃദയത്തിൽ ചേക്കേറിയിരിക്കുകയാണ്.

ഒരു പ്രൈമറി സ്കൂൾ ടീച്ചർ ടിക് ടോക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തുതോടെയാണ് ശ്രദ്ധനേടിയത്. തൻ്റെ ഒരു വയസ്സുള്ള സഹോദരിയെ പരിചരിക്കുന്നതിനിടെയും കുട്ടി ക്ലാസിലെ നോട്ടുകൾ എഴുതിയെടുക്കുന്നത് വിഡിയോയിൽ കാണാം. വിദ്യാർത്ഥിനി ഒരു കൈകൊണ്ട് തൻ്റെ അനുജത്തിയെ പിടിച്ച് കൈകൊണ്ട് കുപ്പിയിൽ നിന്ന് പാൽ കൊടുക്കുന്നത് വിഡിയോയിൽ കാണിക്കുന്നു. ഒപ്പം നോട്ടുകൾ എഴുതിയെടുക്കുന്നു.

Read also: ഡിഎൽഎഫ് ഫ്ളാറ്റിലെ ഇ.കോളി ബാക്ടീരിയ ബാധ എന്താണ്? എങ്ങനെ പ്രതിരോധിക്കാം?

മധ്യ തായ്‌ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടി, അവരുടെ അമ്മ ജോലി തിരക്കിലായതിനാലും അനിയത്തിയെ പരിപാലിക്കാൻ കഴിയാത്തതിനാലും കുഞ്ഞിനെ സ്‌കൂളിലേക്ക് കൊണ്ടുവന്നതായി മാധ്യമങ്ങളും റിപോർട്ട് ചെയ്യുന്നു. കുട്ടിയുടെ വിഡിയോയിലൂടെ സാഹചര്യങ്ങൾ എന്തായാലും ഒരു ക്ലാസ് പോലും നഷ്‌ടപ്പെടുത്തരുതെന്ന് തൻ്റെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചതായി ടീച്ചർ പറയുന്നു.

Story highlights- Thailand girl taking notes while feeding baby sister in class