പരസ്പരം ഒന്നും സംസാരിക്കില്ല, പക്ഷെ ആലിംഗനം ചെയ്യാനായി തെരേസയെ കാത്ത് അവൾ എന്നും നിൽക്കും- ഡൗൺ സിൻഡ്രോം ബാധിതയായ പെൺകുട്ടിയുടെ വേറിട്ട സൗഹൃദം

July 11, 2024

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി പോകുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. അപ്പോഴാണ് ഒരു ചെറിയ പെൺകുട്ടിയും അയൽവാസിയും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിയന്ന എന്ന പെൺകുട്ടിയും 95 വയസുകാരിയായ അയൽവാസിയുമാണ് വിഡിയോയിൽ ഉള്ളത്.

വിയന്ന ഡൗൺ സിൻഡ്രോം ബാധിതയാണ്. അസുഖമുണ്ടെങ്കിലും ജീവിതത്തോടുള്ള ഈ കുട്ടിയുടെ ആവേശം അടങ്ങാത്തതാണ്. ഇൻസ്റ്റാഗ്രാമിൽ വിയന്നയുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ അമ്മ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അങ്ങനെ പങ്കുവെച്ച ഒരു ഹൃദയമായ വിഡിയോയാണ് ലോകം ഏറ്റെടുത്തിരിക്കുന്നത്. അതിൽ വിയന്ന, 95 വയസ്സുള്ള അയൽക്കാരിയായ തെരേസയെ അഭിവാദ്യം ചെയ്യുന്നത് കാണാം. അവർ പങ്കുവെക്കുന്ന ബന്ധം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അവർ എല്ലാ ദിവസവും പരസ്പരം കണ്ടുമുട്ടുന്നു, അവരുടെ സൗഹൃദം പ്രായത്തിനപ്പുറവും വാക്കുകൾക്ക് അപ്പുറവുമാണ്.

‘ദി അപ്‌സൈഡ് ഓഫ് ഡൗൺ സിൻഡ്രോം’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് നിരവധിപ്പേർ വിഡിയോ പങ്കുവെച്ചു. വിഡിയോയിൽ, പെൺകുട്ടി തന്റെ 95 വയസ്സുള്ള അയൽക്കാരിയുടെ അടുത്തേക്ക് ഓടുന്നത് കാണാം. പ്രായമായ സ്ത്രീ കുട്ടിയുടെ അടുത്തേക്ക് വരുന്നതും തുടർന്ന് അവർ പരസ്പരം ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇതൊരു ദൈനംദിന കാര്യമാണെന്ന് വിയനയുടെ അമ്മ കുറിക്കുന്നത്.

Read also: ആയിരക്കണക്കിന് ആളുകൾക്കായി നിർമിച്ച തുലൂ; നിർമിതിയിൽ വിസ്മയിപ്പിച്ച് ഹക്ക ജനതയുടെ പുരാതന കോട്ടകൾ

‘ഞങ്ങളുടെ അയൽവാസിയായ 95 വയസ്സുള്ള തെരേസയെ എല്ലാ ദിവസവും കാണാൻ വിയന ആവശ്യപ്പെടുന്നു. ചില ദിവസങ്ങളിൽ പരസ്പരം കാണാൻ സാധിക്കാറില്ല, പക്ഷേ ഞങ്ങൾ കാണുന്ന ദിവസങ്ങളെ എനിക്ക് ശുദ്ധമായ മാജിക് എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. വിയന തെരേസയുടെ അടുത്തേക്ക് ഓടുന്നത് വളരെ ആവേശത്തിലാണ്. വളരെ സൗമ്യമായി തെരേസയെ ആലിംഗനം ചെയ്യുന്നു. ഈ നിമിഷങ്ങളുടെ ഏറ്റവും മികച്ച ഭാഗം, അവരുടെ ആലിംഗനത്തിന് ശേഷം വിയന്ന പുഞ്ചിരിക്കുന്ന രീതിയാണ്. തെരേസയുമായി സംഭാഷണം നടത്താൻ വിയനയ്ക്ക് അവളുടെ പദാവലിയിൽ മതിയായ വാക്കുകൾ ഇല്ല. പക്ഷെ അവർക്ക് സംസാരത്തിന്റെ ആവശ്യമില്ല. വാക്കുകൾ ആവശ്യമില്ലാത്ത ഒരു നിശബ്ദ സൗഹൃദം അവിടെയുണ്ട്. ഓരോ ആലിംഗനത്തിലും നിലനിൽക്കുന്നതും വളരുന്നതുമായ ഒരു സ്നേഹം. ഈ സുന്ദരിയായ പെൺകുട്ടിയിൽ നിന്ന് ഞാൻ ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കുന്നു’- വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.

Story highlights- girl with down syndrome shares sweetest bond