വിദ്യാലയത്തിൽ ആകെയുള്ളത് ഒൻപത് വിദ്യാർത്ഥികൾ; പഠിപ്പിക്കാൻ എട്ട് അധ്യാപകർ- വിചിത്രമായൊരു നിയമനം

July 2, 2024

മതിയായ അധ്യാപകർ ഇല്ല എന്നതാണ് ഇന്ത്യയിൽ പല സ്‌കൂളുകളിലെയും പ്രധാന പ്രശ്‍നം. എന്നാൽ, മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത ഒരു വിദ്യാലയത്തിൽ ആവശ്യത്തിലധികം അധ്യാപകരെ നിയമിച്ച വിചിത്രമായ നീക്കത്തിലാണ് മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലെ സാഗറിലെ സ്‌കൂൾ. ഈ ജില്ലയിലെ 45 സ്കൂളുകളിൽ ഒരു അധ്യാപകൻ പോലുമില്ല എന്ന സാഹചര്യമാണ്. അതിനിടയിലാണ് സാഗർ പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള ജിൻഡ ഗ്രാമത്തിലെ ഒരു സ്കൂളിൽ ഒമ്പത് വിദ്യാർത്ഥികൾക്ക് മാത്രമായി എട്ട് അധ്യാപകരെ നിയമിച്ചിരിക്കുന്നത്.

വായിച്ചത് ശരിയാണ്. ആകെ ഒൻപതു വിദ്യാർത്ഥികൾ മാത്രമാണ് ഈ സ്‌കൂളിൽ ഉള്ളത്. വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ അഞ്ച് വർഷം മുമ്പ് അടച്ചുപൂട്ടാൻ ശുപാർശ ചെയ്തിട്ടും പ്രവർത്തിക്കുന്നത് തുടരുന്ന രണ്ട് സ്കൂളുകളാണ് ജിൻഡ ഗ്രാമത്തിലുള്ളത്. ഇവിടെയുള്ള പ്രൈമറി സ്കൂളിൽ ആറ് വിദ്യാർത്ഥികൾക്ക് മൂന്ന് അധ്യാപകരും അടുത്തുള്ള സെക്കൻഡറി സ്കൂളിൽ വെറും മൂന്ന് വിദ്യാർത്ഥികൾക്ക് അഞ്ച് അധ്യാപകരുമാണ് ഉള്ളത്.

Read also: 17 മുറികളും 5,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ഈ 19-ാം നൂറ്റാണ്ടിലെ മാളിക സൗജന്യമായി നേടാം- പക്ഷേ, ഒരു നിബന്ധനയുണ്ട്!

വിദ്യാഭ്യാസ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള നിർദേശം അനുസരിച്ച് 20 കുട്ടികളിൽ താഴെയുള്ള സ്കൂളുകൾ അടച്ചുപൂട്ടാണമെന്നാണ്. ഈ വിദ്യാർത്ഥികളെ അടുത്തുള്ള സ്കൂളുകളിൽ സംയോജിപ്പിക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി ഈ സ്‌കൂളിലേക്ക് നാല് പുതിയ അധ്യാപക തസ്തികകൾ അടുത്തിടെ ചേർക്കുകയാണ് ചെയ്തത്. 60-70 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള അധ്യാപകരാണ് ഇവരെല്ലാം.മുൻപും സാഗർ ജില്ലയിലെ സ്‌കൂളുകൾ ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിച്ചിരുന്നു. അതേസമയം, ക്രമക്കേടുകൾ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഉടനടി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- Govt School Appoints 8 Teachers For Just 9 Students