കൊലപാതം ആത്മഹത്യയാക്കിയതാണോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു..!

November 18, 2024

2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പൊലീസിന് ലഭിക്കുന്നത്. അതൊരു കൊലപാതകമാണെന്ന് ഉറപ്പുണ്ടായിട്ടും ആത്മഹത്യ എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിഷേലിനെ കാണാതായ നിമിഷം മുതൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് എടുക്കോനോ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനോ പൊലീസ് തയ്യാറായില്ല. പൊലീസ് സ്റ്റേഷനിലെത്തിയ മിഷേലിന്റെ മാതാപിതാക്കളുടെ മാനസികാവസ്ഥയും അവർ പരി​ഗണിച്ചില്ല. കലൂർ പള്ളിയിലേക്ക് പോകുന്നു എന്ന മിഷേലിന്റെ ഫോൺ സന്ദേശം പിന്തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ആ രാത്രി തന്നെ അവളെ കണ്ടെത്താനാകുമായിരുന്നു. പൊലീസിന്റെ ഭാ​ഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിക്കാതിരുന്നതോടെ മിഷേലിന്റെ പിതാവ് ഷാജി സ്വതവേ കലൂർ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പക്ഷെ ആശ്വാസം നൽകുന്ന ഒന്നു തന്നെ ലഭിച്ചില്ല. പിന്നീട് ഷാജി അറിയുന്നത് ഗോശ്രീ പാലത്തിന് താഴെ കായലിൽ നിന്ന് മിഷേലിന്റെ ജഡം പൊലീസ് കണ്ടെടുത്തു എന്നതാണ്. പൊലീസ് തങ്ങളുടെ കർത്തവ്യം കൃത്യമായ് നിർവഹിച്ചിരുന്നെങ്കിൽ മിഷേൽ ഇന്നൊരു ഓർമ്മയാകില്ലായിരുന്നു. ( Anand Sreebala throws light on Michelle’s case )

അർജുൻ അശോകൻ, മാളവിക മനോജ്, അപർണ ദാസ്, സം​ഗീത മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ കഴിഞ്ഞ ദിവസമാണ് തിയേറ്റർ റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാ​ഗവും കുടുംബ പ്രേക്ഷകരാണ്.

കാവ്യ ഫിലിം കമ്പനിയോടൊപ്പം ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമ്മാതാക്കൾ. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് ആരംഭത്തിലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പൊലീസിനെ കുഴക്കിയ ആ സംഭവം ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല. എന്നാൽ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ‘മിഷേൽ ഷാജി’ എന്ന പേരാണ്. 2017 ആത്മഹത്യ എന്ന് പൊലീസ് വിധിയെഴുതിയ മിഷേൽ കേസ് 2024ൽ ‘ആനന്ദ് ശ്രീബാല’യിലൂടെ വീണ്ടും ചർച്ചയാവുകയാണ്.

സിനിമ കണ്ടവർക്കെല്ലാം മിഷേലിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ടതോടെ മിഷേലിന്റെ പിതാവ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ മകളുടെ കൊലപാതകം പൊലീസ് ആർക്കൊക്കെയോ വേണ്ടി ആത്മഹത്യയാക്കി മാറ്റിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവൾ ധരിച്ചിരുന്ന ബാ​​ഗോ ഓർണമെൻസോ ഒന്നും മൃതദേഹത്തിന്റെ സമീപത്തുണ്ടായിരുന്നില്ല.

“പൊലീസിന്റെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പൊലീസ് പ്രതികളോടൊപ്പം ചേർന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ആത്മഹത്യയാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര് കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായി അവർ അവതരിപ്പിച്ചിട്ടുണ്ട്.” – മിഷേലിന്റെ പിതാവ് ഷാജി പറയുന്നു.

Read Also : വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!

‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച സിനിമയാണിത്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസ് അന്വേഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിട്ട ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിച്ചത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Story highlights : Anand Sreebala throws light on Michelle’s case