രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

August 29, 2025
Peddi Song Shoot Update from Sets

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം, ചിത്രത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. വമ്പൻ ബഡ്ജറ്റിൽ രാം ചരണിന്റെ മാസ്സ് നൃത്ത രംഗങ്ങളോട് കൂടി ഒരുക്കുന്ന ഗാനം ഒരു ദൃശ്യ വിസ്മയമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി ഈ ഗാനം മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. രാം ചരൺ ആരാധകർക്ക് ആവേശകരമായി മാറുന്ന ഈ ഗാനം ഇതിഹാസ തുല്യമായ കാൻവാസിൽ ആണ് ഒരുക്കുന്നത്.

ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനത്തിനാണ് രാം ചരൺ തയ്യാറായത്. ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ എന്നിവ ഇതിനോടകം തന്നെ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ വലിയ ചർച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കൻ ലുക്കിലാണ് രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജ്യം വിനായക ചതുർഥി ആഘോഷിക്കുന്ന വേളയിൽ ‘പെദ്ധി’യുടെ ടീം അചഞ്ചലമായ പ്രതിബദ്ധതയോടെ ചിത്രത്തിന്റെ ജോലികൾ തുടരുകയാണ്.

Read also- വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും; ‘കളങ്കാവൽ’ ടീസർ ആഘോഷമാക്കി പ്രേക്ഷകർ

ആഘോഷങ്ങൾക്കിടയിലും അവരുടെ സമർപ്പണം അഭിനന്ദനവും കയ്യടിയും അർഹിക്കുന്നു. ‘ഉപ്പെന്ന’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം: രത്നവേലു, സംഗീതം: എ ആർ റഹ്മാൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി

Story highlights: Ram Charan movie Sana’s Peddi Song Shoot Update from Sets