പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്

September 22, 2025
Maa Vande movie poster out

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.

ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്ന ‘മാ വന്ദേ’ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുക. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ യാത്രയെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക.

Read also- ‘കാന്താര ചാപ്റ്റർ -1’ മലയാളം ട്രെയിലർ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

അദ്ദേഹത്തിന്റെ ജീവിത യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. ചിത്രത്തിലൂടെ മുന്നോട്ട് വെക്കാൻ പോകുന്ന, “ഒരു അമ്മയുടെ ഇച്ഛാശക്തി എണ്ണമറ്റ പോരാട്ടങ്ങളെക്കാൾ വലുതാണ്” എന്ന കേന്ദ്ര സന്ദേശം പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഛായാഗ്രഹണം: കെ. കെ. സെന്തിൽ കുമാർ ഐ. എസ്. സി, സംഗീതം: രവി ബസ്രൂർ, എഡിറ്റിംഗ്: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൽ, ആക്ഷൻ: കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്: ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ: നരസിംഹ റാവു എം, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ: ശബരി

Story highlights: Maa Vande movie poster out