സിനിമ ഒരു ഉത്സവമാക്കിയ റിബൽ സാബ് പ്രഭാസിന് പിറന്നാൾ ആശംസകൾ; ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ പ്രഭാസ് ബെർത്ഡേ സ്പെഷൽ പോസ്റ്റർ പുറത്ത്
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസിന്‍റെ ജന്മദിനത്തിൽ ബെർത്ഡേ സ്പെഷൽ പോസ്റ്ററുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
‘സിനിമ ഒരു ഉത്സവം തന്നെയാക്കിയ റിബൽ സാബ് പ്രഭാസിന് ജന്മദിനാശംസകൾ’ എന്ന ക്യാപ്ഷനുമായാണ് പുതിയ പോസ്റ്റർ. വലിയൊരു ജനസഞ്ചയത്തിന് നടുവിൽ നിൽക്കുന്ന പ്രഭാസിന്‍റെ കളർഫുൾ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.
പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ച ഏവരേയും വിസ്മയിപ്പിച്ചിരുന്നു. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
Story highlight – Raja Saab team wishes Prabhas birthday






