അഖിൽ സത്യൻ- നിവിൻ പോളി ചിത്രം ‘സർവം മായ’ ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിലേക്ക്
മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിൻ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകൻ അഖിൽ സത്യനും ഒന്നിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് ഇരട്ടി മധുരമാണ് ഉണ്ടാവുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ, ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ‘സർവ്വംമായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ക്രിസ്മസ് ദിനത്തിൽ, ഡിസംബർ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്ന സൂചന ടീസർ നൽകിയിരുന്നു.തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വംമായ’ക്കുണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ, ഈ ഹിറ്റ് കോമ്പിനേഷൻ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകർച്ചകൾ ടീസറിൽ കണ്ടവർക്കെല്ലാം ആകാംഷ അടക്കാനാകുന്നുണ്ടായിരുന്നില്ല. ഗ്രാമീണ പശ്ചാത്തലത്തിൽ, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
Story Highlight : “Sarvam Maya” will reach theatres on Christmas Day, December 25






