ആന്റണി വർഗീസ് പെപ്പെ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

January 12, 2026
Antony Varghese Pepe Enters Film Production

മലയാളികളുടെ പ്രീയപ്പെട്ട യുവതാരം ആന്റണി വർഗീസ് ഇനി സിനിമാ നിർമ്മാണ രംഗത്തേക്കും. ആന്റണി വർഗീസ് പെപ്പെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആണ് അദ്ദേഹം ചിത്രങ്ങൾ നിർമ്മിക്കുക. തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആന്റണി ആദ്യമായി നിർമ്മിക്കുന്ന ചിത്രവും പ്രഖ്യാപിച്ചു. നായികാ നായകൻ റിയാലിറ്റി ഷോ ഫെയിം അദ്ദിസ് അക്കര മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ഈ ബാനറിൽ ആദ്യമായി ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ സോഷ്യൽ മീഡിയ താരമാണ് അദ്ദിസ് അക്കര. തന്റെ സിനിമാ സ്വപ്നം പ്രേക്ഷകരോട് പങ്ക് വെച്ച് കൊണ്ട്, ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തന്റെ ശ്രമങ്ങൾ വെളിപ്പെടുത്തി കൊണ്ട് കഴിഞ്ഞ 607 ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ റീലുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു ഈ യുവാവ്. ഇപ്പോൾ തന്റെ 608 മത്തെ റീല് ആയി അദ്ദേഹം പങ്ക് വെച്ചത്, തന്റെ സ്വപ്നം പൂർത്തിയാവുന്ന തന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ, ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി വർഗീസിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ്. തന്റെ ആദ്യ നിർമ്മാണ സംരംഭത്തിന് എല്ലാ പ്രേക്ഷകരുടേയും പ്രാർത്ഥനയും പിന്തുണയും ആന്റണി വർഗീസ് അഭ്യർത്ഥിച്ചു.

Read also- ഷറഫുദീൻ നായകനായ ‘മധുവിധു’ ആഗോള റിലീസ് ഫെബ്രുവരി 6 ന്

ചിത്രത്തിന്റെ സംവിധായകൻ, സാങ്കേതിക പ്രവർത്തകർ, ഇതിലെ മറ്റു താരങ്ങൾ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഔദ്യോഗികമായി തന്നെ അധികം വൈകാതെ പുറത്തു വിടുമെന്നാണ് സൂചന. ദുൽഖർ നായകനായ ‘ഐ ആം ഗെയിം’, ക്യൂബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ‘കാട്ടാളൻ’, കീർത്തി സുരേഷിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ‘തോട്ടം’ എന്നിവയാണ് നടനെന്ന നിലയിൽ ആന്റണി വർഗീസിന്റെ ഇനി പുറത്തു വരാനുള്ള മലയാള ചിത്രങ്ങൾ. പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Story highlights: Antony Varghese Pepe Enters Film Production