‘തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ’ മനോഹരമായ ഗാനവുമായി ‘എന്നാലും ശരത്’

ബാലചന്ദ്ര മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘എന്നാലും ശരത്തി’ലെ  പുതിയ ഗാനം പുറത്തിറങ്ങി. ‘തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികൾക്ക് ഒസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ശ്വേതാ മോഹനാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദുൽഖർ സൽമാനാണ്  ഒരുപാട് സസ്പെൻസ് നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്.

കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ക്യാംപസ് കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. കുടുംബ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ  ഇടം നേടിയ സംവിധായകൻ ക്യാംപസ് കഥ പറയുന്ന ‘എന്നാലും ശരത്’. സമകാലീന സംഭവങ്ങൾ കോർത്തിണക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹരികുമാറാണ്.

ഒരു നിര പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുമുഖ താരങ്ങളുമായി മലയാള സിനിമയിലേക്ക് തിരിച്ച് വരുകയാണ് ഈ ചിത്രത്തിലൂടെ  നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പൃഥ്വിരാജാണ്. പുതുമുഖ താരങ്ങളായ ചാർളി, നിത്യ, നിധി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2015 ൽ പുറത്തിറങ്ങിയ ‘ഞാൻ സംവിധാനം ചെയ്യും’ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ തന്ന സംവിധായകന്റെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.