വീട്ടിൽ പട്ടിണിയും ദാരിദ്രവും..എന്നിട്ടും ആ പണം അവനെ മോഹിപ്പിച്ചില്ല..ലോകത്തിന് മാതൃകയായ ഏഴു വയസുകാരനെത്തേടി രജനി കാന്തും..

July 16, 2018

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഇടയിലും തനിക്ക് ലഭിച്ച പണം തിരിച്ചു നൽകി ലോകത്തിന് മുഴുവൻ മാതൃകയായി ഒരു ഏഴു വയസുകാരൻ…മുഹമ്മദ് യാസിൻ എന്ന രണ്ടാംക്ലാസ് വിദ്യാർഥിക്ക് കഴിഞ്ഞ ദിവസമാണ് പണമടങ്ങിയ ഒരു ബാഗ് ലഭിച്ചത്. ബാഗ് കണ്ടപ്പോൾ വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഒാർമയിൽ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഒാർത്ത് എവിടെയോ യഥാർഥ അവകാശി വിഷമിക്കുന്നുണ്ടാകും, ഈ തിരിച്ചറിവാണ്  മുഹമ്മദ് യാസിൻ എന്ന കൊച്ചുബാലനെ  ബാഗ് തിരിച്ചു നല്കാൻ പ്രേരിപ്പിച്ചത്.  സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി നേടിയ ഈ ബാലനെത്തേടി സാക്ഷാൽ രജനികാന്ത് വരെ പ്രശംസയുമായി എത്തി.

തനിക്ക് കളഞ്ഞു കിട്ടിയ  പണമടങ്ങിയ ബാഗ് മുഹമ്മദ് യാസിൻ  തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു. അൻപതിനായിരം രൂപ അടങ്ങിയ ബാഗ് ഇരുവരും ചേർന്ന് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ധരിക്കാൻ നല്ലൊരു വസ്ത്രം പോലുമില്ലാത്ത ആ ബാലൻ  മടക്കി നൽകിയത് വെറും അൻപതിനായിരം രൂപ മാത്രമായിരുന്നില്ല. ഇൗ ലോകത്തിനായി അവൻ കാണിച്ച് കൊടുത്തത് അവന്റെ സത്യസന്ധതയും നൻമയുമായിരുന്നു. മുഹമ്മദ് യാസിന്റെ  സത്യസന്ധത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവൻ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഈ കൊച്ചു ബാലന് പ്രശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അവർക്കൊപ്പം മുഹമ്മദ് യാസിൻ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാൽ രജനീകാന്ത് വരെ എത്തി. നിറഞ്ഞ മനസോടെ  മുഹമ്മദിനെ ചേർത്ത് നിർത്തി അദ്ദേഹം പറഞ്ഞു ‘ഇവൻ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാൻ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂർണചെലവും ഞാൻ വഹിക്കും. എന്തു പഠിക്കണമെന്ന് അവൻ തീരുമാനിക്കട്ടെ’.