വീട്ടുടമസ്ഥയെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻ തയാറായ ടോഡാണ് ഇപ്പോൾ താരം.

സ്വന്തം ജീവൻ നൽകിയും വീട്ടുടമസ്ഥയെ രക്ഷിക്കാൻ തയാറായ ടോഡാണ് ഇപ്പോൾ താരമായിരിക്കുന്നത്.  പൗള ഗോഡ്വിൻ എന്ന വീട്ടുടമസ്ഥയെയാണ് വിഷ പാമ്പിന്റെ കടിയേൽക്കുന്നതിൽ നിന്നും അവരുടെ നായ ടോഡ രക്ഷിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് നടത്തിയ യാത്രയിലാണ് പൗളയെ ടോഡ രക്ഷിച്ചത്. ഇരുവരും നടന്നു പോകുന്നതിനിടയിൽ അവിചാരിതമായി  ഒരു  പാമ്പ്  പൗളയുടെ നേരെ വരുകയായിരുന്നു. പാമ്പ് തന്നെ കൊത്തുമെന്ന് ഉറപ്പായി നിൽക്കുന്ന സമയത്തതാണ് ടോഡയുടെ സമയോചിതമായ ഇടപെടൽ.  പാമ്പിന്റെ മുകളിലേക്ക് എടുത്ത് ചാടിയ ടോഡ ഇതിലൂടെ  പൗളയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.

ചാട്ടത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റ വളർത്തുനായ ടോഡയെയും എടുത്ത് പൗള ഉടൻ തന്നെ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് ഓടുകയായിരുന്നു. പെട്ടന്ന് തന്നെ ടോഡയെ ഡോക്ടർമാർ പരിശോധിച്ച് വേണ്ട മരുന്നുകൾ നൽകി. പാമ്പിന്റെ അക്രമണത്തിൽ ഉഗ്ര വിഷമേറ്റ ടോഡ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഒരു വയസുകാരനാണ് ടോഡ.

പൗള തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ സ്വീറ്റ് ഹീറോയ്ക്ക് വേണ്ടി പ്രാർത്‌ഥിക്കണമെന്നും അവനാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും പൗള ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും സ്വന്തം ജീവൻ നൽകിയും ഉടമസ്ഥയെ രക്ഷിക്കാൻ തയാറായ നായകുട്ടിക്ക് പ്രശംസയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.