കി കി ചലഞ്ചിന് വിലങ്ങിടാനുറച്ച് കേരളാ പൊലീസ്…

August 7, 2018

ലോകം മുഴുവനുമുള്ള ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായ കി കി ചലഞ്ചിന് പിന്നാലെയാണ്. നിരവധി സൂപ്പർ സ്റ്റാറുകൾ ദിവസേന കി കി ചലഞ്ചുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ അപകടകരമായ ഈ ചലഞ്ചിന് കടിഞ്ഞാണിടാൻ എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. ഇത്തരത്തിൽ അപകടകരമായ ഈ ചലഞ്ച് ചെയ്യുന്നവർക്കെതിരെ ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി വീഡിയോയും പൊലീസ് തയാറാക്കിയിട്ടുണ്ട്. സാഹസത്തിന് മുതിരുന്നവരെ പിടിക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ സെൽ പുറത്തിറക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കി കി ചലഞ്ചിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ‘കി കി ഡു യു ലൗ മി’ എന്ന ഗാനം കേൾക്കുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഡാൻസ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇത്തരത്തിൽ ഡാൻസ് ചെയ്യുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും.  ഇത്തരത്തിലുള്ള ചലഞ്ച് ചെയ്യാൻ കാറിൽ നിന്നിറങ്ങിയവരിൽ പലർക്കും അപകടം സംഭവിച്ചു. അതിസാഹസികതയുമായി ആരും കേരളത്തിലെ നിരത്തിലേക്ക് ഇറങ്ങേണ്ടെന്ന് വ്യക്തമാക്കുകയാണ് കേരളാ പോലീസിന്റെ വീഡിയോ. ഇത്തരത്തിൽ കി കി ചലഞ്ചുമായി ഇറങ്ങുന്നവർ പോലീസ് പിടിയിലാകുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ വീഡിയോ