അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയ്ക്ക് വിട പറഞ്ഞ് സിനിമാ ലോകം..

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു. 500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇതര  ഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വില്ലനായും സഹനടനായും മലയാളത്തിൽ തിളങ്ങിയ താരം സംവിധാന രംഗത്തും കൈവെച്ചിട്ടുണ്ട്.

മലയാള സിനിമ ലോകത്തിന് പകരം വെക്കാനില്ലാത്ത ഈ അഭിനയ പ്രതിഭയുടെ വിയോഗത്തിൽ കേരളം നടുങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് അരങ്ങൊഴിഞ്ഞ ഈ അതുല്യ നടന് ആദരാഞ്ജലികളുമായി എത്തുകയാണ് സിനിമാ ലോകം.

പ്രിയ നടന് കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നും നവ മാധ്യമങ്ങളിലൂടെയും മറ്റുമായി സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് അദ്ദേഹത്തിന് വിടപറയാൻ എത്തുന്നത്.


മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഗീതു മോഹൻദാസ്, നിവിൻ പോളി, റസൂൽ പൂക്കൂട്ടി തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളും ക്യാപ്റ്റന് ആദരാഞ്ജലികളുമായി രംഗത്തെത്തി

1981ൽ പുറത്തിറങ്ങിയ രക്തമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ അവസാന ചിത്രം മാസ്റ്റർ പീസ് ആയിരുന്നു. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നിവ .