ഫുട്‌ബോള്‍ ലോകത്തെ യുവ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവര്‍ക്കുമുള്ള ആരാധകരും നിരവധി. ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം വര്‍ഷങ്ങളായി സ്വന്തമാക്കുന്നതും ഈ രണ്ട് കായികതാരങ്ങള്‍ തന്നെയാണ്. ഒപ്പത്തിനൊപ്പമാണ് ഇരുവരുടെയും നേട്ടങ്ങള്‍ മിക്കപ്പോഴും. റയലിന്റെ ടോപ് സ്‌കോറര്‍ പദവി റൊണാള്‍ഡോ സ്വന്തമാക്കിയപ്പോള്‍ ബാഴ്‌സയുടെ ടോപ് സ്‌കോറര്‍ പദവി മെസ്സിയും സ്വന്തമാക്കി.
നേട്ടങ്ങളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരുവരെയും താരതമ്യം ചെയ്യാന്‍ പലപ്പോഴും ആരും മെനക്കെടാറില്ല. പ്രത്യേകിച്ച് ഫുട്‌ബോള്‍ താരങ്ങള്‍. എന്നാല്‍ മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള വിത്യാസം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം കാര്‍ലോസ് ടെവസ്. അര്‍ജന്റീന ടീമില്‍ മെസിക്കൊപ്പവും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പവും കളിക്കളത്തിലിറങ്ങിയിട്ടുണ്ട് ടെവസ്.
മെസിയെ താന്‍ ഒരിക്കല്‍പോലും ജിമ്മില്‍ കണ്ടിട്ടില്ലെന്നാണ് ടെവസിന്റെ അഭിപ്രായം. ജിമ്മില്‍ പന്ത് നിയന്ത്രിക്കുന്നതിനുള്ള പരിശീലനവും മെസ്സി ചെയ്യാറില്ലെന്നും ടെവസ് വെളിപ്പെടുത്തി. സ്വാഭാവികമായ മികവു കൊണ്ടുതന്നെയാണ് മെസ്സി കാലുകള്‍ക്കൊണ്ട് പന്ത് നിയന്ത്രിക്കുന്നതെന്നും താരം പറഞ്ഞു. പെനാലിറ്റികളില്‍ മാത്രമാണ് മെസ്സിക്ക് പരിശീലനം ആവശ്യമെന്നും ടെവസ് വ്യക്തമാക്കി.
ഇനി റൊണാള്‍ഡോയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം. റൊണാള്‍ഡോ ജിമ്മില്‍ നിരവധി സമയം ചെലവഴിക്കാറുണ്ട്. ഫുട്‌ബോള്‍ ലോകത്ത് മികച്ച താരമാകണമെന്ന ലക്ഷ്യം ഉള്ളതുകൊണ്ടുതന്നെ കഠിനമായി അധ്വാനിക്കാറുണ്ട് റൊണാള്‍ഡോ. പരിശീലന സമയത്ത് എപ്പോഴും നേരത്തെ എത്താറുള്ള താരമാണ് റൊണാള്‍ഡോ എന്നും ടെവസ് അഭിപ്രായപ്പെട്ടു.
Carlos Tevez explains the difference between Messi and Ronaldo. pic.twitter.com/boFoMEoIaD
— ESPN UK (@ESPNUK) 12 September 2018