കേരളത്തിന് സഹായമേകാന്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കാളിയാകാന്‍ ഐ.എം. വിജയനും

മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സാന്ത്വനമേകാന്‍ നടത്തുന്ന ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ ഐ.എം. വിജയനും പങ്കെടുക്കും. ഈ മാസം 22-ന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍വെച്ചാണ് ചാരിറ്റി മത്സരം. ഐ.എം. വിജയനെക്കൂടാതെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ദേബ്ജിത്ത് ഘോഷും ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ റെഡ് ടീമും ദേബ്ജിതിന്റെ നേതൃത്വത്തിലുള്ള ഓള്‍ സ്റ്റാര്‍ ബ്ലൂ ടീമും മത്സരത്തിനിറങ്ങുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ് മലയാളികള്‍. നിരവധി പേരാണ് കേരളത്തിന് നേരെ സഹായഹസ്തങ്ങള്‍ നീട്ടിയത്. ടെലികോം കമ്പനിയായ സിമോകോയാണ് ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ സ്‌പോണ്‍സര്‍. മത്സരത്തിനുള്ള ഇരു ടീമുകളുടെയും ജേഴ്‌സികള്‍ സൗജന്യമായി നല്‍കാന്‍ ഫാഷന്‍ ഡിസൈനറായ അഗ്നിമിത്ര പോളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവര്‍ക്കുപുറമെ നിരവധി പേര്‍ മത്സരത്തിന് സന്നദ്ധത അറിയിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത് ആദ്യമായാണ് കേരളത്തെ സഹായിക്കുന്നതിനു വേണ്ടി ഒരു ചാരിറ്റി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുതല്‍ മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്തിന്റെ കീഴിലെ ഫുട്‌ബോള്‍ ഒബ്‌സര്‍വറാണ് ഐ.എം വിജയന്‍.