പന്തുരുളുമ്പോള്‍ നാടുണരും; ഐഎസ്എല്‍ അഞ്ചാം സീസണ് നാളെ തുടക്കം

September 28, 2018

ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് നാളെ തുടക്കമാകും. പത്ത് ടീമുകളാണ് ഇത്തവണ പോരാട്ടാത്തിനിറങ്ങുക. ആദ്യ മത്സരം കേരളാ ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്ത എടികെയും തമ്മിലാണ്. 2019 മാര്‍ച്ച് വരെ നീളുന്നതാണ് ഐഎസ്എല്‍ സീസണ്‍ 5.

മൂന്ന് ഇടവേളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ക്ക്. ഡിസംബറില്‍ ഫിഫ സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ആ മാസം ഐ എസ്എല്‍ നിര്‍ത്തിവെയ്ക്കും. ഫെബ്രുവരി മൂന്നാം തീയതി മത്സരങ്ങള്‍ വീണ്ടും ആരംഭിക്കും. ഏറെ ആകാംഷയോടെയാണ് ഐഎസ്എല്‍ മത്സരം ആരാധകര്‍ ഉറ്റുനോക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിലാണ് മലയാളികളുടെ പ്രതീക്ഷ.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറിനായിരുന്നു നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം. എന്നാല്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിഞ്ഞതിന് ശേഷം ഉടമസ്ഥാവകാശം ആര്‍ക്ക് എന്ന ചോദ്യത്തിന് വിരാമമായിരിക്കുകയാണ് ഇപ്പോള്‍. ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ പകരക്കാരനായി ലാലേട്ടന്‍ എത്തിയത് മലയാളികള്‍ക്ക് ആവേശമായി. ഒരു പ്രതിഫലവും വാങ്ങിക്കാതെയായിരിക്കും വരുന്ന അഞ്ച് വര്‍ഷത്തേക്ക് ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ സേവനം അനുഷ്ഠിക്കുക എന്നതും ആരാധകരില്‍ ഇരട്ടി മധുരം നല്‍കുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചന നല്‍കിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്‌സി പുറത്തിറക്കുന്ന മോഹന്‍ലാല്‍ ആകും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.