‘കളി തുടങ്ങുകയാണ്’; ഐ എസ് എല്ലിന് നാളെ തുടക്കം, ആവേശത്തോടെ ആരാധകർ..

ഇന്ത്യന്‍ മണ്ണിൽ  ഫുട്ബോള്‍ ആരവങ്ങള്‍ തുടങ്ങുകയായി. ഇനിയുള്ള രാത്രികള്‍ ഫുട്ബോളിന്റേത് കൂടിയാണ്. പതിവിലും നീളമേറിയ സീസണാണ് ഇത്തവണത്തേത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇത്തവണയും  ഐ എസ് എല്ലിന്റെ  ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെയാണ് നേരിടുന്നത്.

പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇത്തവണ  ഐ എസ് എൽ. രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്. കെട്ടിലും മട്ടിലും വലിയ മാറ്റങ്ങളുമായി പത്ത് ടീമുകളാണ് ഇത്തവണ ഉണ്ടാകുക. ടീമുമാറിയെത്തിയ പല താരങ്ങളെയും പതിവുപോലെ ഇത്തവണത്തെ കളിയിലും കാണാം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടം  സെപ്തംബർ 29 മുതൽ ഡിസംബര്‍ 16 വരെയാണ്. രണ്ടാം ഘട്ടം ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്.

കൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് സജ്ജമായി കഴിഞ്ഞു. യുവനിരയുമായാണ് ഇത്തവണ ഡേവിഡ് ജയിസും സംഘവും തയ്യാറെടുക്കുന്നത്. കേരളത്തിന്റെ സ്വന്തം ആശാനായിരുന്ന സ്റ്റീവ് കോപ്പലാണ് എടികെയുടെ പരിശീലകന്‍. രാത്രി ഏഴരക്കാണ് ഇത്തവണത്തെ മത്സരങ്ങള്‍.