വിനോദയാത്രക്കിടയിലും കേരളത്തിന് കൈ സഹായം; മാതൃകയായി ഒരുകൂട്ടം വിദ്യാർത്ഥികൾ

September 9, 2018

കേരളത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച വെള്ളപ്പൊക്കവും കനത്തമഴയും മൂലം കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നവ കേരളത്തെ വാർത്തെടുക്കുന്നതിനായി കേരളജനതയ്ക്ക് സഹായ ഹസ്തവുമായി ലോകം മുഴുവനുമുള്ള നിരവധി ആളുകൾ എത്തിയിരുന്നു. കേരളത്തിന് വേണ്ടി വിനോദയാത്രക്കിടയിലും സഹായവുമായി എത്തിയ ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്.

കണ്ണൂരിൽ  നിന്നും ഡൽഹിയിലേക്ക് വിനോദ യാത്ര പോയ വിദ്യാർത്ഥികളാണ് കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായത്. താജ്മഹലും കുത്തബ്‌മീനാറും കാണാനുള്ള ഇവരുടെ പരുപാടി മാറ്റിവച്ചാണ് 42 വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന ടീം കേരളത്തെ സഹായിക്കാൻ മുന്നോട്ട് എത്തിയത്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനായി കേരള ഹൗസിലും  ട്രാവൻകൂർ പാലസിലുമായി ശേഖരിച്ച സാധങ്ങളാണ് ഈ വിദ്യാർത്ഥികൾ ചുമന്ന് വാഹനത്തിൽ കയറ്റിയത്.

കണ്ണൂർ പിലാത്തറ സെന്റ് ജോസഫ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് കേരളത്തെ സഹായിക്കുന്നതിനായി എത്തിയത്. പഠനത്തിന്റെ ഭാഗമായി നടത്തിയ യാത്രയിലും കേരളത്തെ സഹായിക്കാൻ മനസ്സ് കാണിച്ച ഈ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തിയത്.