ഡൽഹിയിലെ ഖാൻ മാർക്കറ്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റ് പട്ടികയിൽ

November 22, 2023
Delhi’s Khan Market includes Most Expensive Retail Streets

ലോകത്തിലെ ഏറ്റവും കൂടുതൽ ജീവിത ചെലവേറിയ വിപണി ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ..? ഇതുമായി ബന്ധപ്പെട്ട് ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് ( Cushman & Wakefield ) ചില കണക്കുകൾ പുറത്തു വിട്ടിരുന്നു. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നായ ഡൽഹിയിലെ ഖാൻ മാർക്കറ്റ് ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ( Delhi’s Khan Market includes World’s Most Expensive Retail Streets)

ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നാണ് ഖാൻ മാർക്കറ്റ്. ലേകത്തിലെ ഏറ്റവും ചെലവേറിയ 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ 22-ാം സ്ഥാനമാണുള്ളത്. ഇതോടെ ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് തലസ്ഥാനത്തെ ഈ സ്ട്രീറ്റ് മാർക്കറ്റ്. ‘മെയിൻ സ്ട്രീറ്റ്സ് അക്രോസ് ദി വേൾഡ് 2023’, കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ കണക്കനുസരിച്ച്, ഖാൻ മാർക്കറ്റിൽ ഒരു ചതുരശ്ര അടിക്ക് ശരാശരി 217 ഡോളറാണ് ( 18,000 രൂപ ) വാർഷിക വാടകയാനുള്ളത്. കൊവിഡ് പകർച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്ന വാടകയിൽ നിന്നും ഏഴ് ശതമാനം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

ഡൽഹിയിലെ ഖാൻ മാർക്കറ്റ്, കൊണാട്ട് പ്ലേസ്, ഗുരുഗ്രാമിലെ ഗലേരിയ മാർക്കറ്റ്, മുംബൈയിലെ ലിങ്കിങ് റോഡ്, കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് പ്രധാന സ്ഥലങ്ങൾ . കഴിഞ്ഞ വർഷം, ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ ഖാൻ മാർക്കറ്റിന്റെ സ്ഥാനം 21-ാം ആയിരുന്നു.

ന്യൂയോർക്കിലെ ഐക്കണിക് ഫിഫ്ത്ത് അവന്യൂ സ്ട്രീറ്റ് ആണ് ചെലവേറിയ റീട്ടെയിൽ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഒന്നാമത്. മിലാനിലെ വയാ മൊണ്ടെനാപോളിയോൺ രണ്ടാമതും ഹോങ്കോങ്ങിലെ സിം ഷാ സൂയി മൂന്നാമതുമാണ്. ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റ് പാരീസിലെ അവന്യൂസ് ഡെസ് ചാംപ്‌സ്-എലിസീസ് എന്നീ സ്ഥലങ്ങൾ നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു.

Read Also: ‘ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ’; പാഴായി കിടന്ന ഭൂമിയിൽ ഉയർന്നു വന്ന അത്ഭുതം!

ഇസ്താംബൂളിലെ ഇസ്തിക്‌ലാൽ സ്ട്രീറ്റാണ് വലിയ കുതിപ്പ് നടത്തിയത്. കഴിഞ്ഞ വർഷത്തെ 31-ൽ നിന്നും 11 സ്ഥാനങ്ങൾ ഉയർന്ന് 20-ാം സ്ഥാനത്തേക്കാണ് ഇസ്തിക്‌ലാൽ സ്ട്രീറ്റ് ഉയര്‍ന്നത്. തുർക്കിയുടെ ഉയർന്ന പണപ്പെരുപ്പം കൂടിയതോടെയാണ് ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ വാടക ഇരട്ടിയിലേക്ക് എത്തിയതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ പ്രധാന റീട്ടെയിൽ ഡെസ്റ്റിനേഷനുകളുടെ അമിത വാടകയുടെ കാരണവും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാന തെരുവുകള്‍ക്ക് സ്ഥലത്തിന്‍റെ ദൗർലഭ്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Story Highlights : Delhi’s Khan Market includes World’s Most Expensive Retail Streets