‘ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ’; പാഴായി കിടന്ന ഭൂമിയിൽ ഉയർന്നു വന്ന അത്ഭുതം!

November 22, 2023

മെലിഞ്ഞ മനുഷ്യരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. പക്ഷെ മെലിഞ്ഞ ഹോട്ടൽ എന്ന് കേട്ടു കാണാൻ സാധ്യതയില്ല. എന്താണ് ഈ മെലിഞ്ഞ ഹോട്ടൽ എന്നല്ലേ ആലോചിക്കുന്നത്? തീർത്തും വിചിത്രമായ ഒരു കെട്ടിടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലെ സലാറ്റിഗയിലുള്ള ഒരു ഇടവഴിക്കും വീടുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തെ ആളുകൾ ‘ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ’ എന്നാണ് വിളിക്കുന്നത്. (World’s skinniest hotel in unwanted piece of land)

ഹോട്ടൽ വരുന്നതിനു മുമ്പ് പാഴായി കിടന്ന ഈ ഭൂമി മാലിന്യം തള്ളാനുള്ള ഇടമായാണ് ഉപയോഗിച്ചിരുന്നത്. പിറ്റുറൂംസ് പ്രോജക്റ്റിന്റെ ഭാഗമായി ആർക്കിടെക്റ്റ് ആയ ആരി ഇന്ദ്രയാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഈ ഹോട്ടലിന് അഞ്ച് നിലകളാണുള്ളത്. ഒമ്പത് അടി വീതിയുള്ളതിനാൽ കഷ്ടിച്ച് ഏഴ് മുറികൾക്ക് ആവശ്യമായ സ്ഥലമുണ്ടാകും. ഹോട്ടലിന്റെ മേൽക്കൂരയിലായി വിശ്രമമുറിക്കുള്ള സൗകര്യങ്ങളും ഉണ്ട്. വായുസഞ്ചാരം സുഗമമാക്കുന്നതിന് കിഴക്കു വശത്തായി സവിശേഷമായ ഘടനകളും കെട്ടിടത്തിനുണ്ട്.

Read also: ‘വാസ്തുവിദ്യാ വിസ്മയം’ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ് ഹൗസ്..

ഇടുങ്ങിയ സ്ഥലമായതിനാൽ കെട്ടിടം രൂപകല്പന ചെയ്യുന്നതിൽ ആർക്കിടെക്റ്റ് വെല്ലുവിളി നേരിട്ടിരുന്നു. എങ്കിലും കെട്ടിടത്തിന് സ്ഥിരത ഉറപ്പാക്കാൻ ആഴത്തിലുള്ള അടിത്തറയാണ് കെട്ടിയിരിക്കുന്നത്.

താമസിക്കാനും സുഖമായി സഞ്ചരിക്കാനും യഥാർത്ഥത്തിൽ ഇത്രമാത്രം സ്ഥലം മതിയെന്ന അതിഥികളുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതായി ആർക്കിടെക്റ്റ് പറയുന്നു.

വലുപ്പത്തിൽ ചെറുതായ ഇന്തോനേഷ്യൻ പട്ടണങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള നൂതനമായ ഉത്തരമായി ഈ പുത്തൻ കെട്ടിടത്തെ കണക്കാക്കുന്നു. എല്ലാ സൗകര്യങ്ങളും കലാനിർമ്മിതികളുമുള്ള മൈക്രോ റൂമുകളെ ആളുകൾ പ്രശംസിക്കുന്നതോടെ ഡിസൈൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Story highlights: World’s skinniest hotel in unwanted piece of land