കുഞ്ഞാരാധകനെ ചേര്‍ത്തുപിടിച്ച് സൂര്യ; വീഡിയോ കാണാം

ദീര്‍ഘനാളായി സൂര്യയെ കാണണമെന്നായിരുന്നു തമിഴ്‌നാട് തേനി ജില്ലയിലെ ദിനേശ് എന്ന കൊച്ചുമിടുക്കന്റെ ആഗ്രഹം. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സൂര്യയുടെ കുഞ്ഞാരാധകന്‍. ശാരീരിക വൈകല്യത്തിലും തളരാതെ സ്വപ്‌നങ്ങളെ കൂട്ടുപിടിച്ച് ജീവിക്കുന്ന കലാകാരന്‍ കൂടിയാണ് ദിനേശ്.

നന്നായി ചിത്രങ്ങള്‍ വരയ്ക്കാറുണ്ട് ഈ കുഞ്ഞുതാരം. ലോകമറിയപ്പെടുന്ന ഒരു ചിത്രകാരനാകണമെന്നാണ് ദിനേശിന്റെ സ്വപ്നം. ചെറുപ്പം മുതല്‍ക്കെ സൂര്യയോട് കടുത്ത ആരാധനയായിരുന്നു ദിനേശിന്. ഒരിക്കലെങ്കിലും സൂര്യയെ നേരില്‍ കാണണമെന്നും അവന്‍ ആഗ്രഹച്ചു. കുഞ്ഞ് ആരാധകന് സൂര്യയെ കാണാന്‍ അവസരം ലഭിച്ചതോടെ സ്വപ്‌നം സഫലമായി.

സൂര്യയ്‌ക്കൊപ്പം പിതാവ് ശിവകുമാറും സഹോദരനും നടനുമായ കാര്‍ത്തിയും ദിനേശിനോട് സംസാരിച്ചു. ഒപ്പം ചിത്രങ്ങളുമെടുത്തു. കുഞ്ഞാരാധകനെ ചേര്‍ത്തു പിടിച്ച് സൂര്യ സെല്‍ഫിയുമെടുത്തു. ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്നവ നടക്കുമെന്നും  സൂര്യ ദിനേശിനോട് പറഞ്ഞു. ഒപ്പം വലിയ വലിയ സ്വപ്‌നങ്ങള്‍ കണ്ട് ഉയരങ്ങള്‍ കീഴടക്കണമെന്നും ആശംസിച്ചു.