റെക്കോര്‍ഡ് നേട്ടത്തില്‍ സായി പല്ലവിയുടെ ഗാനം; വീഡിയോ കാണാം

നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സായി പല്ലവിയുടെ ഗാനം. താരം നായികയായെത്തിയ ‘ഫിദ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘വച്ചിണ്ടേ വച്ചിണ്ടേ…’ എന്നു തുടങ്ങുന്ന ഗാനമാണ് തരംഗമാകുന്നത്. തെന്നിന്ത്യയില്‍തന്നെ ഏറ്റവുമധികം പേര്‍ കണ്ട ഗാനമാണ് നിലവില്‍ ഇത്.

2017 സെപ്റ്റംബര്‍ 23 നായിരുന്നു ഈ ഗാനം യൂട്യൂബില്‍ പോസ്റ്റ് ചെയതത്. ഇതിനോടകം തന്നെ 15 കോടിയിലധികം ആളുകളാണ് ഈ വീഡിയോ ഗാനം കണ്ടത്. നാല് ലക്ഷത്തോളം ലൈക്കും ഈ പാട്ട് സ്വന്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടു കോടി കാഴ്ചക്കാരുള്ള ‘ബാഹുബലി’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ട്രാക്കിനെ മറികടന്നാണ് ‘ഫിദ’ എന്ന ചിത്രത്തിലെ ഗാനം ഒന്നാമതെത്തിയത്.

സായി പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ഗാനത്തില്‍. വീഡിയോ റിലീസ് ആയപ്പോള്‍ തന്നെ സായി പല്ലവിയുടെ നൃത്തം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. വരുണ്‍ തേജയും സായി പല്ലവിക്കൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. ശേഖര്‍ കമുലയാണ് ‘ഫിദ’ എന്ന ചിത്രത്തിന്റെ സംവിധാനം. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ‘വച്ചിണ്ടേ വച്ചിണ്ടേ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോകിന്റേതാണ് വരികള്‍. ശക്തികാന്ത് കാര്‍ത്തികാണ് സംഗീതം നല്‍കിയിരിക്കുന്നത്.