അന്ന് മകള്‍ക്കൊപ്പം പാടിയപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; ഇന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ പാടിയപ്പോള്‍ പ്രേക്ഷകരും

വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരച്ഛനുണ്ട്. മകള്‍ക്കൊപ്പം മിനുംങ്ങും മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന പാട്ട് പാടിയ പ്രശാന്ത്. ഒരു വിവാഹത്തലേന്ന് പ്രശാന്തും മകള്‍ വൈഗയും ചേര്‍ന്ന് പാടിയ പാട്ട് ഇരുപത് ലക്ഷത്തിലധികം ആള്‍ക്കാരാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കണ്ടത്. ഇന്നിതാ പ്രശാന്തിന്റെ പാട്ട് വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലാണ് പ്രശാന്ത് പാടിയിരിക്കുന്നത്. ഗാനമേളകളിലും ആല്‍ബങ്ങളിലുമെല്ലാം സജീവമായിരുന്നുവെങ്കിലും സിനിമയുടെ പിന്നണി ഗാന രംഗത്ത് പ്രശാന്ത് ചുവടുവെയ്ക്കുന്നത് ആദ്യമാണ്.

ചിത്രത്തിലെ ‘കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രശാന്ത് പാടിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്റരുകളില്‍ മുന്നേറുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

കാലയവനികയ്ക്കുള്ളിലേയ്ക്ക് മണ്‍മറഞ്ഞുപോയെങ്കിലും മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മായിച്ചു കളയാന്‍ സാധിക്കാത്ത അതുല്യ കലാകാരനാണ് കലാഭവന്‍ മണി. നിരവധി സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ താരത്തിന്റെ മരണം സിനിമാ ലോകത്തെയും മലയാളികളെയും ഒരു പോലെ ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു. ഹാസ്യ കഥാപാത്രമായും വില്ലനായും നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയില്‍ നിലയുറപ്പിച്ച മണിമലയാളത്തിന് പുറമെ കന്നഡ, തമിഴ് തുടങ്ങി അന്യ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളികളിക്കിടയില്‍ നിന്നും മരണത്തിലേക്ക് നടന്നു നീങ്ങിയ മണിയുടെ വാര്‍ത്ത ഉണ്ടാക്കിയ ഞെട്ടലില്‍ കഴിയുന്ന മലയാളികള്‍ക്ക് തെല്ലൊരു ആശ്വാസമാവുകയായിരുന്നു മണിയുടെ ജീവിതകഥആസ്പദമാക്കി പുതിയ സിനിമ ചിത്രീകരിക്കുന്നുവെന്നവാര്‍ത്ത. വാനോളം പ്രതീക്ഷയുമായി കാത്തിരുന്നതുംചിത്രത്തിനു വേണ്ടിയായിരുന്നു, സെന്തില്‍ എന്ന നടനിലൂടെ കലാഭവന്‍ മണിയെന്ന നായകന്‍ തിരിച്ചു വരുന്നത് കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകരിപ്പോള്‍.  സലിം കുമാര്‍, ജനാര്‍ദ്ദനന്‍, ധര്‍മ്മജന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ടിനി ടോം, കലാഭവന്‍ സിനോജ, ഹണി റോസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.