വൈറലായി കളിക്കളത്തിലെ നായ്ക്കുട്ടി; വീഡിയോ കാണാം

October 9, 2018

കഴിഞ്ഞ ദിവസം ജോര്‍ജിയന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരം ആരാധകരിൽ വൻ ആവേശമാണ് ഉയർത്തിയത്. ഇത്തവണ ഫുട്ബോൾ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കളിക്കളത്തിൽ താരമായത് പക്ഷെ മറ്റൊരു താരമായിരുന്നു. ഒരു നായ്ക്കുട്ടി. കളിക്കാരെയും കാണികളെയും ഒരുപോലെ രസിപ്പിച്ച നായക്കുട്ടി. മത്സരത്തിലെ താരമായത് ഈ നായക്കുട്ടി ആണെങ്കിലും കളിക്കളത്തിൽ താരമിറങ്ങിയതോടെ ചെറിയ പൊല്ലാപ്പൊന്നുമല്ല ഗ്രൗണ്ടിൽ അരങ്ങേറിയത്.

ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്‌സി  ടീമുകളുടെ പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി അതിഥി എത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു പുതിയ അതിഥിയുടെ അരങ്ങേറ്റം. കളിക്കിടയിൽ ഗ്രൗണ്ടിൽ കയറിക്കൂടിയ താരത്തെ ഒഴിവാക്കാൻ കളിക്കാർ പല അടവുകളും പയറ്റിയെങ്കിലും കളിക്കളത്തിൽ നിന്നിറങ്ങാൻ താരം കൂട്ടാക്കിയില്ല.

താരങ്ങള്‍ എല്ലാവരും മാറിമാറി വന്ന് പലതവണ ശ്രമിച്ചെങ്കിലും നായക്കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റാനായില്ല. ഇതിനിടെ ടോര്‍പിഡോ ഗോളിയെ താരത്തിന് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഇരുവരും ഒന്നിച്ച് പിന്നീട് കളിയായി. എന്നാല്‍ സുരക്ഷാ ജീവനക്കാരെത്തിയപ്പോള്‍ ഭാവം മാറി. മൂന്ന് മിനിറ്റോളം മത്സരം തടസപ്പെടുത്തിയ നായ്ക്കുട്ടി താരങ്ങളേയും സംഘാടകരേയും കാണികളേയും ഒരുപോലെ ചിരിപ്പിച്ചാണ് കളികളത്തിൽ നിന്നിറങ്ങിയത്.