ട്രോള്‍ മാത്രമല്ല, കേരളാ പോലീസിന്റെ ‘വൈറല്‍’ ഷോര്‍ട്ടുഫിലിമും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

October 6, 2018

കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളിലെല്ലാം തരംഗം കേരളാപോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് തന്നെയാണ്. വലിയ വലിയ സന്ദേശങ്ങള്‍ ട്രോള്‍വഴി ജനങ്ങളിലെത്തിക്കാനുള്ള കേരളാപോലീസിന്റെ തന്ത്രം ഫലം കണ്ടു. എല്ലാ ട്രോളുകള്‍ക്കും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍ മാത്രം. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ പോലീസ് സേന വിഭാഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ ലൈക്കുകളുടെ എണ്ണത്തില്‍ കേരളാപോലീസിന്റെ പേജ് ഒന്നാമതു നില്‍ക്കുന്നതും. എന്തായാലും ട്രോള്‍ മാത്രമല്ല വേണമെങ്കില്‍ സിനിമയും പിടിക്കുമെന്നു തെളിയിച്ചിരിക്കുകയാണ് കേരളാപോലീസ്.

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം കേരളാപോലീസിന്റെ ‘വൈറല്‍‘ എന്ന ഷോര്‍ട്ട് ഫിലിമാണ്. കേരലാപോലീസിലെ സോഷ്യല്‍മീഡിയ വിഭാഗം പോലീസ് ഉദ്യോഗസ്ഥരാണ് ഈ ഷോര്‍ട്ട്ഫിലിമുനു പിന്നില്‍. സാമൂഹ്യമാധ്യമങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയം.

മലയാളികളുടെ പ്രിയതാരം പൃത്വിരാജ് സുകുമാരന്റെ സാന്നിദ്ധ്യവും ‘വൈറല്‍’ എന്ന ഷോര്‍ട്ട് ഫിലിമിനെ മികച്ചതാക്കുന്നു. മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരായ അരുണ്‍ ബിടി, ബിമല്‍ വിഎസ്, സന്തോഷ് പിഎസ്, കമലനാഥ്, ബിജു ബി എസ് തുടങ്ങിയവരാണ് ‘വൈറല്‍’ ഷോര്‍ട്ട്ഫിലിമിലെ പ്രധാന അണിയറപ്രവര്‍ത്തകര്‍.

യുട്യൂബിലും കേരളാപോലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ച ഷോര്‍ട്ട്ഫിലിം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണവും ‘വൈറല്‍’ എന്ന ഹ്രസ്വചിത്രത്തിനു ലഭിക്കുന്നുണ്ട്.