അമിതാഭ് ബച്ചന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഇതിഹാസതാരം അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. താരത്തിന് തികച്ചും വിത്യസ്തമായൊരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തെലുങ്കില്‍ അമിതാഭ് ബച്ചന്‍ അരങ്ങേറ്റംകുറിക്കുന്ന ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. താരത്തിന് പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യലവാഡാ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നരസിംഹ റെഡ്ഡിയുടെ വഴികാട്ടിയായ ആത്മീയ ആചാര്യന്‍ ഗോസായി വെങ്കണ്ണ എന്നയാളായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്.

മോഷന്‍ രൂപത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ അമിതാഭ് ജി എന്ന വാചകവും ഫസ്റ്റ് ലുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുട്യൂബില്‍ റിലീസ് ചെയ്ത ഫസ്റ്റ്‌ലുക്ക് ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്.

നിരവധി ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രമായി അഭിനയിച്ച താരത്തിന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമാണ് ഖുദാ ഗവാഹ്. ഏറ്റവുംകൂടുതല്‍ ആളുകള്‍ കണ്ട ബച്ചന്‍ ചിത്രത്തില്‍ നായികയായി എത്തിയത് ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരം ശ്രീദേവിയാണ്.