‘അദ്ദേഹം എനിക്ക് ഗുരു സ്ഥാനീയൻ, എന്നും കടപ്പാട് ഉണ്ടാകും’; നിവിൻ പോളി

പ്രണയവും സൗഹൃദവും പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു നിവിൻ പോളി വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട്. ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘തട്ടത്തിൻ മറയത്ത്’, ‘ഒരു വടക്കൻ സെൽഫി’  തുടങ്ങി നിവിൻ പോളി വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ സിനിമകളൊക്കെ മലയാള സിനിമയിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു.

നിവിൻ പോളി എന്ന അത്ഭുത നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും വിനീത് ആയിരുന്നു. തന്റെ കരിയറിലെ മികച്ച സിനിമകൾ സമ്മാനിച്ച വിനീത് ശ്രീനിവാസനാണ് തന്റെ ഗുരു എന്ന്  വെളിപ്പെടുത്തുകയാണ് നിവിൻ പോളി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ വിനീതിനെക്കുറിച്ച് പറഞ്ഞത്.

മലയാള സിനിമയിലേക്കുള്ള വാതിൽ തുറന്നു തന്നത് വിനീത് ശ്രീനിവാസനാണ്. അദ്ദേഹം എനിക്ക് ഗുരു സ്ഥാനീയനാണ്. ഞങ്ങൾ സമപ്രായക്കാരായതുകൊണ്ടുതന്നെ പരസ്‍പരം ചേർന്ന് പോകാനും എളുപ്പമാണ്. നിവിൻ പോളി അഭിപ്രായപ്പെട്ടു.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ പ്രധാനമായൊരു വേഷം നൽകിയാണ് നിവിനെ മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തുന്നത്. പിന്നീട് വിനീതിന്റെ തന്നെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ നായകനായി നിവിൻ എത്തിയതോടെ മലയാളികൾ താരത്തെ ഏറ്റെടുക്കുകയായിരുന്നു.