കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഗ്രൗണ്ടിലിറങ്ങി യുവാക്കള്‍

ആരാധകരുടെ പലതരത്തിലുള്ള സാഹസങ്ങളും വൈറലാകാറുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തില്‍ രണ്ട് ആരാധകര്‍ കാട്ടിയ സാഹസമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍തരംഗം. വിരാട് കോഹ്‌ലി ബാറ്റിങിനെത്തിയപ്പോഴായിരുന്നു രണ്ട് യുവാക്കളുടെ ഈ സാഹസം. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇരുവരും ഗ്രൗണ്ടിലെത്തി. കോഹ്‌ലിക്കൊപ്പം സെല്‍ഫിയുമെടുത്തു. കോഹ്‌ലി ഇവരോട് തിരികെപാകാന്‍ ആവശ്യപ്പെട്ടിട്ടും യുവാക്കള്‍ ഗൗനിച്ചില്ല.

അമ്പയര്‍മാരെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന യുവാക്കളെ ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഗ്രൗണ്ടില്‍ നിന്നും മാറ്റിയത്. ആദ്യദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍തന്നെ സെഞ്ചുറി അടിച്ച പൃത്വി ഷാ ആയിരുന്നു ആരാധകരുടെ മനം കവര്‍ന് താരം.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിന്റെ ആദ്യദിനം 134 പന്തില്‍ നിന്നും 72 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ഇതില്‍ നാല് ബൗണ്ടറികളും ഉള്‍പ്പെടും. ആദ്യദിനം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സാണെടുത്തത്.