‘ഇതെന്തൊരു മീൻ കറി’; കറി വിളമ്പി, ടിപ്പ് കണ്ട് ഞെട്ടി പാചകക്കാരൻ..

ഇഷ്ടപെട്ട ഭക്ഷണ സാധങ്ങൾ ഉണ്ടാക്കി തരുന്നവർക്ക് ടിപ്പ് നൽകുന്ന കഥകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ മീൻ കറി  ഇഷ്ടപ്പെട്ടതിനെ തുടർന്ന് 25000 രൂപ ടിപ്പ്‌ നൽകിയ മന്ത്രിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. കര്‍ണാടക മന്ത്രി ബി. സെഡ് സമീര്‍ അഹമ്മദ് ഖാനാണ് പാചകക്കാരനായ ഹനീഫ് മുഹമ്മദിന് 25000 രൂപ ടിപ്പ് നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച മംഗലൂരുവിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സമീർ അഹമ്മദ്. തുടർന്ന് മീറ്റിങിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിൽ എത്തിയതായിരുന്നു മന്ത്രി. ഭക്ഷണത്തിനായി ആവോലിയും നെയ്‌മീനുമാണ് മന്ത്രിയും കൂട്ടരും ആവശ്യപ്പെട്ടത്.

തന്റെ ജീവിതത്തിൽ ഇത്രയും നല്ല മീൻ കറി ഇതുവരെ കഴിച്ചിട്ടില്ലാ എന്ന് പറഞ്ഞ മന്ത്രി കറിയുണ്ടാക്കിയ ആളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മന്തിയുടെ അടുത്തെത്തിയ പാചകക്കാരനായ ഹനീഫ് മുഹമ്മദുമായി കുശലാന്വേഷണം നടത്തിയ ശേഷം മന്ത്രി ടിപ്പായി 25000 രൂപ നൽകി . ഇതിന് പുറമെ ഹനീഫ് മുഹമ്മദിന് ഉംറയ്ക്ക് പോകാനുള്ള മുഴുവൻ ചിലവും വഹിക്കാമെന്നും മന്ത്രി വാഗ്ദാനം നൽകി.

രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ഭക്ഷണം വിളമ്പിയ വ്യക്തിയാണ് ഹനീഫ്. എന്നാൽ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു അംഗീകാരം ലഭിക്കുന്നതെന്നും ഹമീദ് അറിയിച്ചു.