തല അജിത്ത് നായകനായെത്തുന്ന ‘വിശ്വാസ’ത്തിന്റെ പുതിയ ലുക്ക്

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘വിശ്വാസത്തിരുവിഴ’ എന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. പേരുപോലെതന്നെ ആഘോഷ സ്വഭാവമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

‘വിശ്വാസം’ അടുത്ത പൊങ്കലിന് തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ശിവയാണ് ‘വിശ്വാസ‘ത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ- അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും തല നരക്കാത്തലുക്കിലും അജിത് എത്തുന്നുണ്ട്.ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായുംഅജിത്ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.