എണ്‍പതുകാരനായ് വിജയ് സേതുപതി; ‘സീതാകത്തി’യിലെ പുതിയ ഗാനം

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തിയ ’96’ ലെ ‘കാതലെ കാതലെ…’ എന്നു തുടങ്ങുന്ന ഗാനം. ഗോവിന്ദ് വസന്തയുടെ സംഗീതംതന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ഗോവിന്ദ് വസന്തയുടെ പുതിയ സംഗീതവും തരംഗമാകുന്നു. വിജയ് നായക കഥാപാത്രമായെത്തുന്ന ‘സീതാകത്തി’ എന്ന ചിത്രത്തിനു വേണ്ടി ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകംതന്നെ മുപ്പതിനായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനത്തിന്റെ ആലാപനം. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.

‘സീതാകത്തി’യില്‍ എണ്‍പത് വയസ് പ്രായമുള്ള ആളായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ചിത്രത്തിനുവേണ്ടിയുള്ള വിജയ് സേതുപതിയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്ന് തോന്നും വിധമാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

Read more: ആരാണ് വിജയ് സേതുപതി; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി തരംഗമാകുന്നു

ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. ഈ ചിത്രവും തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്നത്.