സെല്‍ഫിയെടുക്കാന്‍ കാറില്‍ പിന്തുടര്‍ന്ന ആരാധകന് തല അജിത്തിന്റെ സ്‌നേഹോപദേശം

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് അജിത്ത്. സെല്‍ഫിയെടുക്കാന്‍ മണിക്കൂറുകളോളം കാറില്‍ പിന്‍തുടര്‍ന്ന ആരാധകന് അജിത്ത് നല്‍കിയ സ്‌നേഹോപദേശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

തല അജിത്തിന്റെ ഒപ്പം ഒരു സെല്‍ഫിയെടുക്കാന്‍ പതിനെട്ട് കിലോമീറ്ററാണ് ഗണേഷ് എന്ന ആരാധകന്‍ താരത്തിന്റെ കാറിനെ പിന്തുടര്‍ന്നത്. കാറിനെ പിന്തുടരുന്നത് ശ്രദ്ധയില്‍പെട്ട അജിത് കാര്യം ചോദിച്ചു. ആരാധകന്റെ ആവശ്യമറിഞ്ഞപ്പോള്‍ സെല്‍ഫി എടുക്കാനും സമ്മതിച്ചു. എന്നാല്‍ സെല്‍ഫിയെടുത്ത ശേഷം പ്രീയപ്പെട്ട ആരാധകന് ഒരു സ്‌നേഹോപദേശവും നല്‍കി തല അജിത്.

ഇത്തരത്തില്‍ വാഹനത്തെ പിന്‍തുടരുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കാറുണ്ട്. എന്റെ ആരാധകര്‍ക്ക് അങ്ങനെ സംഭവിച്ചാല്‍ അത് തന്നെ സങ്കടപ്പെടുത്തുമെന്നും അജിത് പറഞ്ഞു. ഒപ്പം ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം സ്‌നേഹത്തോടെ ഉപദേശിച്ചു. ഗണേഷ് തന്നെയാണ് ഇക്കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അജിത്തിനോടൊപ്പo എടുത്ത സെല്‍ഫിയും ഗണേഷ് പങ്കുവെച്ചു.