മമ്മൂട്ടിയുടെ ഈ ചിത്രം ആദ്യദിനം തന്നെ കാണും; പേരന്‍പിനെക്കുറിച്ച് മോഹന്‍ലാല്‍

ഗോവയില്‍വെച്ചുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരന്‍പ്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പേരന്‍പ് റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ ചിത്രം തീയറ്ററില്‍പോയി കാണുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ മാസ്മരികപ്രകടനം തീയറ്ററുകളില്‍ നിന്നുതന്നെ കാണണമെന്നും മോഹന്‍ലാല്‍ ഓര്‍മ്മപ്പെടുത്തി.

49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് പേരന്‍പ് രണ്ട് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനോടകം തന്നെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ കൈയ്യടി നേടിയ ചിത്രമാണ് ‘പേരന്‍പ്’.

Read more: പുതിയ രൂപത്തിൽ മമ്മൂട്ടി; ഫിലിം ഫെസ്റ്റിവലിൽ തരംഗമായ ‘പേരന്‍പി’ൻറെ ടീസർ കാണാം

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്.