പേരൻപിനെ വരവേല്‍ക്കാൻ ഒരുങ്ങി തീയറ്ററുകൾ; ഫാൻസ് ഷോകളും തയാർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന തമിഴ് ചിത്രം പേരന്‍പ്. ചിത്രത്തിന്റെ റിലീസിനായ് തീയറ്ററുകളും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. ഇതിനോടകം തന്നെ പത്ത് ഫാൻസ് ഷോകൾ ഉറപ്പായതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷ്ണലിന്റെ തമിഴ്നാട് ഘടകം വ്യക്തമാക്കി. ഫെബ്രുവരിയില്‍ ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പേരന്‍പ്. 49ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ‘പേരന്‍പ്’ രണ്ട് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.