‘കല്യാണപ്പന്തലിൽ നിന്നും കളിക്കളത്തിലേക്ക്’; സമൂഹ മാധ്യമങ്ങളിൽ താരമായി റിദ്വാൻ

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് റിദ്വാൻ. കല്യാണ ദിവസം തന്നെ ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങിയതോടെയാണ് റിദ്വാൻ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഫിഫ മഞ്ചേരിയുടെ താരമാണ് കാളികാവ് സ്വദേശി റിദ്വാന്‍. കല്യാണ ദിവസം തന്നെ സെവൻസ് കളിക്കാനിറങ്ങിയാണ് ഈ യുവതാരം സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടിയത്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു റിദ്വാന്റെ വിവാഹം. കല്യാണത്തിന് വന്ന ടീം മാനേജർ റിദ്വാനോട് ചോദിച്ചു. ഇന്ന് നിനക്ക് കളിയ്ക്കാൻ ഇറങ്ങാൻ പറ്റുവോന്ന്.. . ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന റിദ്വാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. താൻ തയാറാണെന്ന് താരം അറിയിച്ചു. പിന്നെ വിവാഹ വസ്ത്രം അഴിച്ച് ജേഴ്സി യും എടുത്ത് ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു ഫുട്ബോൾ ആവേശം നെഞ്ചിലേറ്റിയ താരം..

കളിക്കാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ ഭാര്യ ഫഹീദക്കും സമ്മതമായിരുന്നു. എന്നാൽ വിവാഹ ദിവസം കളിയ്ക്കാൻ പോയ ഈ ഫുട്ബോൾ പ്രേമിയ്ക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.