‘കണ്ടാൽ പേടിയാകുമെന്ന് പറഞ്ഞു, പക്ഷെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്’ ; സ്നേഹം നിറഞ്ഞ് ഒരു ഫേസ്ബുക്ക് കുറിപ്പ്…

പ്രണയത്തിന് മുന്നിൽ ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം ഇല്ലെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും താൻ കെട്ടാൻ പോകുന്ന പെണ്ണിന് കുറച്ച് സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കാത്തവരായി ഒരു പുരുഷനുമില്ല.. പെണ്ണിന്റെ സൗന്ദര്യം അവളുടെ മുടിയിലോ മുഖത്തോ അല്ല മനസിലാണെന്ന് തിരിച്ചറിഞ്ഞ് അവളുടെ അടുത്തേക്ക് ഒരു പുരുഷൻ എത്തുന്നതിനേക്കാൾ ഭാഗ്യമായി ഒരു പെണ്ണിനും മറ്റൊരു സ്വപ്നവുമില്ല..

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രണയ കഥയാണ് ആസിഡ് ആക്രമണത്തിന് ഇരയായ ലളിതയുടെയും അവളുടെ ഭർത്താവിന്റെയും. . ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ലളിതയുടെ ഭര്‍ത്താവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ഫോണിൽ മാത്രം കേട്ട ശബ്ദത്തിലൂടെ ലളിതയുടെ മനസിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞതിനെക്കുറിച്ചും അവരുടെ മനോഹരമായ ജീവിതത്തെക്കുറിച്ചും പറയുന്ന ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

“ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് അവിചാരിതമായി ഒരു ഫോൺ വന്നത്. അമ്മയോട് സംസാരിക്കണം എന്നായിരുന്നു ഫോൺ വിളിച്ച ആളുടെ ആവശ്യം. എന്റെ അമ്മ അവിടെ ഉണ്ടായിരുന്നില്ല, അവർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത് അതുകൊണ്ടുതന്നെ നിങ്ങൾക്ക് നമ്പർ മാറിപോയതാണെന്ന് ഞാൻ അവരോട്  പറഞ്ഞു. നിങ്ങൾക്ക് വിളിക്കേണ്ട ആളുടെ നമ്പർ കണ്ടെത്താൻ സഹായിക്കണമോ എന്ന് ചോദിച്ചപ്പോൾ ആവശ്യമില്ല സഹോദരാ എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.

അങ്ങനെയാണ് ഞാൻ അവളോട് ആദ്യമായി സംസാരിച്ചത്.. പിന്നീട് ഞാന്‍ തിരികെ വിളിച്ച് അവളാരാണെന്ന് അന്വേഷിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു, അവളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമവും നടത്തി.. പിന്നെപ്പിന്നെ പതിയെ ഞങ്ങൾ എല്ലാ ദിവസവും വിളിക്കാനും സംസാരിക്കാനും തുടങ്ങി. ഒരു മാസക്കാലം ഞങ്ങളുടെ വിളി തുടർന്നു. ഒരിക്കൽ അവൾ പറഞ്ഞു അധിക കാലം ഞാൻ ഇതുപോലെ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലായെന്ന്.

കാരണം അന്വേഷിച്ചപ്പോൾ  അവള്‍ പറഞ്ഞു, അവളുടെ മുഖം ആകെ വികൃതമാണെന്ന്. പൊള്ളിപ്പോയതായിരുന്നു അവളുടെ മുഖം.അതിനെന്താണെന്ന് ചോദിച്ചപ്പോൾ അവളെ നേരിട്ട് കണ്ടാൽ ഭയം തോന്നുമെന്നും അവൾ പറഞ്ഞു. എന്നാൽ ഞാൻ അങ്ങനെ ഒരാളല്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു..

പിന്നീട് എന്തായാലും ഞാൻ അവളെ നേരിട്ട് കാണാൻ ആഗ്രഹിച്ച് ഒരു സുഹൃത്തിനെയും കൂട്ടി അവളുടെ വീട്ടിൽ എത്തി. അന്ന് ആദ്യമായി ഞങ്ങൾ പരസ്പരം കണ്ടു. അവൾ മുഖത്തു നിന്നും ദുപ്പട്ടയെടുത്തു. ഞാൻ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. ഒരു നിമിഷം ഞാൻ ഭയന്നു. പക്ഷെ അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു. ആ നിമിഷം ഞാന്‍ തിരിച്ചറിയുകയായിരുന്നു. എനിക്ക് അവളില്ലാതെ ജീവിക്കാൻ സാധിക്കില്ലായെന്ന്..

അഞ്ച് വർഷങ്ങൾക്ക് മുമ്പ് അവളുടെ ബന്ധുവും അവളും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് അയാൾ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചതായിരുന്നു. അവളെ പിന്നീട് ആശുപത്രിയിൽ കൊണ്ടുപോകുയെങ്കിലും മുഖം ആകെ പൊള്ളി വികൃതമായിരുന്നു.

എന്നാൽ ഞങ്ങളുടെ ബന്ധത്തെ എതിർത്ത് പലരും എത്തി..എങ്ങനെ നീ അവളെ  മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുമെന്ന് പലരും ചോദിച്ചു.. ഞാൻ മറുപടിയായി ചിരിയ്ക്കുക മാത്രം ചെയ്തു.. കാരണം യഥാർത്ഥ സ്നേഹം എന്താണെന്ന് എല്ലാവരും കണ്ട് മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു..

നമുക്ക് വേണ്ടിയുള്ള ആളെ എപ്പോഴാണ് കണ്ടെത്തുക എന്ന് ഒരിക്കിലും പറയാൻ സാധിക്കില്ല. പക്ഷെ അത് കണ്ടെത്തലാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം എന്റെ ഭാര്യയും ഞങ്ങളുടെ കുട്ടിയുമാണ്. അവൾ എപ്പോഴും എനിക്ക് പ്രചോദനമാണ്, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയും അവളാണ്. കാരണം അവളുടെ മനസിന്റെ സൗന്ദര്യം ഞാൻ കണ്ടു കഴിഞ്ഞു..