ഈ പാട്ട് കാണുന്ന ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവില്ല ബാലഭാസ്‌കറിനെ; സ്മരണാഞ്ജലിയുമായി ഒരു താരാട്ട്‌

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിച്ച ബാലഭാസ്‌കറിന്റെ വിയോഗം കലാലോകത്തെ മാത്രമല്ല സാധാരണക്കാരനെപ്പോലും കണ്ണീരിലാഴ്ത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും ബാലഭാസ്‌കറിന്റെ നനുത്ത ഓര്‍മ്മകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ബാലാഭാസ്‌കറിന് സ്മരണാഞ്ജലിയായി ഒരുക്കിയ ‘ചമത’ എന്ന മ്യൂസിക്കല്‍ വീഡിയോ.

മലയാളികള്‍ എന്നും ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ക്കുന്ന താരാട്ടുപാട്ടാണ് ‘ഓമനത്തിങ്കള്‍ കിടാവോ…’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം പുനരാവിഷ്‌കരിക്കുകയാണ് ഈ മ്യൂസിക്കല്‍ വീഡിയോയില്‍. വേര്‍പാടിന്റെയും വേദനയുടെയും ഈണത്തിലാണ് ഈ താരാട്ട് പാട്ട് ദൃശ്യവല്‍കരിച്ചിരിക്കുന്നത്.

ബാലഭാസ്‌കരിന്റെയും കുഞ്ഞിന്റെയും വേര്‍പാട് പ്രമേയമാക്കിയാണ് വീഡിയോയുടെ ദൃശ്യാവിഷ്‌കാരം. ഈ വീഡിയോ കാണുന്ന ആര്‍ക്കും ബാലഭാസ്‌കറിനെ ഓര്‍ക്കാതിരിക്കാനാവില്ല. അത്രമേല്‍ തീവ്രമാണ് ചമത. വാഹനാപകടത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. അപകടത്തില്‍ ഭാലഭാസ്‌കറിന്റെ ഏകമകള്‍ തേജസ്വിനിയും മരണപ്പെട്ടിരുന്നു.

Read more: പാട്ടിനൊപ്പം ജീവിതാനുഭവവും പങ്കുവെച്ച് ആദിത്യന്‍; വീഡിയോ

വോയ്‌സ് ഓഫ് കള്‍ച്ചറല്‍ അക്കാദമിയാണ് ‘ചമത’ എന്ന വീഡിയോ ഒരുക്കിയിരിക്കുന്നത്. ഊര്‍മ്മിള വര്‍മ്മയാണ് ആലാപനം. ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ക്ക് രാമനാഥന്‍ ഗോപാലകൃഷ്ണന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ശ്രുതിമേനോനാണ് ചമതയുടെ സ,ംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.