പ്രിയ ‘മണി’നാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

March 6, 2019

മരണം പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് ശരിയാവാം. പലപ്പോഴും അപ്രതീക്ഷിതമായ സമയത്താണ് പ്രിയപ്പെട്ടവരെ മരണം കവര്‍ന്നെടുക്കുന്നത്. മലയാളത്തിന് അത്രമേല്‍ പ്രിയപ്പെട്ട കലാഭവന്‍ മണിയെ മരണം കവര്‍ന്നെടുത്തിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം. കാലയവനികയ്ക്ക് പിന്നില്‍ ആ മണിനാദം മറഞ്ഞുവെങ്കിലും ഇന്നും ചലച്ചിത്ര ലോകത്തെ ഓര്‍മ്മകളില്‍ ഒളി മങ്ങാതെ നിറഞ്ഞു നില്‍പുണ്ട് കലാഭവന്‍ മണി എന്ന അനശ്വര കലാകാരന്‍. ‘ങ്യഹെഹേ…’ എന്ന ഒരു ചിരി മാത്രം മതി മണിയെ എന്നും ഓര്‍ക്കാന്‍. ഒരു പക്ഷെ ഒരു കലാകാരന്റെ ചിരി പോലും പ്രേക്ഷകന്റെ മനസില്‍ അത്രമേല്‍ ആഴത്തില്‍ ഇടം നേടിയെങ്കില്‍ ഒന്നുറപ്പിക്കാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് ആ കലാകാരന്‍ എന്ന്.

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലരംഗത്ത് കലാഭവന്‍ മണി സജീവമാകുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. മലയാളി പ്രേക്ഷകര്‍ക്ക് നാടന്‍പാട്ടിന്റെ ഒരുപിടി നല്ല ശീലുകള്‍ സമ്മാനിച്ചിരുന്നു കലാഭവന്‍ മണി. മണി പാടി നടന്ന പാട്ടുകളൊക്കെയും ഇന്നും പ്രേക്ഷകര്‍ ഏറ്റുപാടാറുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും പില്‍ക്കാലത്ത് സീരിയസായ നായക കഥാപാത്രമായും മണി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. അഭിനയ മികവുകൊണ്ട് ഓരോ കഥാപാത്രങ്ങളെയും അത്രമേല്‍ അനശ്വരമാക്കിയിരുന്നു കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്‍.

അക്ഷരം എന്ന സിനിമയിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ കഥാപാത്രമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ സിനിമാലോകത്ത് ശ്രദ്ധേയനാക്കി. മണി നായക കഥാപാത്രമായെത്തിയ ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വര്‍ണ്ണനകള്‍ക്ക് അതീതമാണ്.

Read more:കുപ്രസിദ്ധ പയ്യനു മുമ്പേ നിമിഷ സജയന്‍ വക്കീലായെത്തിയ സിനിമ

ചലച്ചിത്രലോകത്ത് മാത്രമല്ല ചാലക്കുടി എന്ന ദേശക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. വളരെയധികം ജനകീയനായ ഒരു സിനിമാതാരം. സ്‌കൂള്‍ പഠനകാലം കഴിഞ്ഞതു മുതല്‍ തെങ്ങു കയറ്റുകാരനായും മണല്‍വാരല്‍ തൊഴിലാളിയായും മണി ഉപജീവന മാര്‍ഗം കണ്ടെത്തി. പിന്നീട് ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറായി. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയുമൊക്കെ വില നന്നായി അറിയാവുന്ന മണി തൊഴിലാളികള്‍ക്കൊപ്പം തന്നെയായിരുന്നു എന്നും. സിനിമയില്‍ നായകനായി തിളങ്ങുമ്പോഴും അഹങ്കാരമോ താരപ്രഭയോ ഒന്നും അദ്ദേഹത്തെ കവര്‍ന്നിരുന്നില്ല. അത്രമേല്‍ സുതാര്യമായിരുന്നു മണി എന്ന കലാകാരന്റെ ജീവിതം.