പ്രളയം പ്രവചിക്കാൻ ഗൂഗിൾ…

May 8, 2019

പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. തുടരെ തുടരെ ഉണ്ടാകുന്ന  പ്രളയ ദുരന്തം വൻ സാമ്പത്തീക നഷ്‌ടവും ക്രമക്കേടും ഉണ്ടാക്കിയതിനെത്തുടർന്നാണ് പുതിയ തീരുമാനവുമായി ഗൂഗിൾ എത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.

കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പൈലറ്റ് ഫ്ളഡ് ഫോര്‍കാസ്റ്റ് സിസ്റ്റം ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തും. അടുത്തിടെ കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൂഗിളിന്റെ തീരുമാനമെന്ന് ഗൂഗിള്‍ ടെക്നിക്കല്‍ മാനേജര്‍ അനിത വിജയകുമാര്‍ അറിയിച്ചു.

Read also: കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിക്കുന്നു

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇതനുസരിച്ചുള്ള മുൻ കരുതലുകൾ എടുക്കാനും കഴിയുമെന്നാണ് ഗൂഗിൾ അവകാശപെടുന്നത്. ഗൂഗിളിലെ പുതിയ സംവിധാനം ഫലപ്രദമാകുന്നതോടെ പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഉണ്ടാകുന്ന നഷ്ടങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും അപകടകരമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് പ്രളയം. ഓരോ വര്‍ഷവും വലിയ സാമ്പത്തിക നഷ്ടവും ജീവഹാനിയുമാണ് പ്രളയത്തിലൂടെ സംഭവിക്കുന്നത്.  പ്രളയ ദുരന്തങ്ങൾ കൂടുതലായും സംഭവിക്കുന്നത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍ ഏര്‍ളി വാണിംഗ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുളള ഫീച്ചറുകളെ കൂട്ടുപിടിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ കൂടുതല്‍ കൃത്യതയോടെ ദുരന്ത സാധ്യത പ്രവചിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.