കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും കുടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍; കോലിയുടെ റെക്കോഡ് ബുക്കിലേക്ക് മറ്റൊരു നേട്ടം കൂടെ..

December 13, 2023

ഇന്ത്യന്‍ ക്രിക്കറ്റിലെ കിങ് എന്നാണ് വിരാട് കോലി അറിയപ്പെടുന്നത്. മൂന്ന് ഫോര്‍മാറ്റിലെയും അവിസ്മരണീയ പ്രകടനം തന്നെയാണ് സ്റ്റാര്‍ ബാറ്റര്‍ക്ക് ഈ പേര് നേടിക്കൊടുത്തതെന്ന് നിസംശയം നമുക്ക് പറയാം. ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്റെ നിരവധി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ കുതിക്കുന്ന വിരാടിനെ തേടി മറ്റൊരു റെക്കോഡ് കൂടെ എത്തിയിരിക്കുകയാണ്. ( Virat Kohli emerges as Most searched cricketer’ in Google )

കാല്‍ നൂറ്റാണ്ടിനിടെ ഗൂഗിളിന്റെ ചരിത്രത്തില്‍ ആളുകള്‍ ഏറ്റവുമധികം അന്വേഷിച്ചെത്തിയ ക്രിക്കറ്റര്‍ വിരാട് കോലിയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ കാലയളവില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയുമടക്കം പേരിലുള്ള ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും നാല് ഐസിസി കിരിടങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കൂള്‍ ധോണിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമെല്ലാം കോലിക്ക് പിന്നിലാണ്.

കഴിഞ്ഞ 25 വര്‍ഷങ്ങളിലെ മാറ്റങ്ങള്‍ നോക്കുകയാണെങ്കില്‍ അടുത്ത 25 വര്‍ഷങ്ങള്‍ എല്ലാത്തിനെയും മാറ്റിമറിക്കും. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവ എന്ന അടിക്കുറിപ്പോടെ ഗൂഗിള്‍ പങ്കുവച്ച വീഡിയോയിലാണ് കോലിയുടെ പേരും വന്നത്.

2023-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ കോലിയില്ല. ശുഭ്മാന്‍ ഗില്ലാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയാണ്. ലോകമെമ്പാടുമുള്ള കായിക ടീമുകളില്‍ ഏറ്റവും മുന്നിലുള്ള ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമാണ് എന്നതും പ്രത്യേകതയാണ്.

Read Also : ‘സിക്‌സ് പ്ലസ് ഇന്‍ഫിനിറ്റി’ ; വിവാഹ വാര്‍ഷികം ആഘോഷമാക്കി വിരാട് കോലിയും അനുഷ്‌ക ശര്‍മയും

ഏറ്റവു കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. പ്രായത്തെ തളര്‍ത്താത്ത പോരാട്ടവീര്യവുമായി റൊണാള്‍ഡോ കുതിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം പേര്‍ തിരഞ്ഞ കായിക ഇനം ഫുട്‌ബോളാണ്.

Story highlights : Virat Kohli emerges as Most searched cricketer’ in Google