‘പിരിച്ചുവിടലുകൾ തുടരും’; ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ!

January 20, 2024

തൊഴിൽ മേഖലയിൽ ആളുകൾക്ക് ഏറെ ഭീതി സമ്മാനിച്ച വർഷമായിരുന്നു 2023. വിദേശത്ത് പിരിച്ചുവിടലുകൾ പതിവ് കാഴ്ചയാണെങ്കിലും നമ്മുടെ രാജ്യത്തിൽ അങ്ങോളമിങ്ങോളം ഭയം ജനിപ്പിക്കുന്ന തരത്തിൽ വ്യാപകമായി മാറിയത് പോയ വർഷമായിരുന്നു. വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ കണ്ണും പൂട്ടി പിരിച്ചുവിട്ട ആളുകളുടെ സംഖ്യ ചെറുതല്ല. ആമസോൺ, ഗൂഗിൾ, ഡിസ്നി, മൈക്രോസോഫ്റ്റ് തുടങ്ങി നിരവധി മുൻനിര കമ്പനികളും ‘ലേ ഓഫ്’കളുടെ ഭാഗമായിരുന്നു. ഈ സാഹചര്യത്തിൽ ഈ വർഷവും വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഗൂഗിൾ. (Sundar Pichai informs employees about layoffs in 2024)

ഈ വർഷം കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് ഗൂഗിൾ സിഇ സുന്ദർ പിച്ചൈ പറയുന്നത്. കൂടുതൽ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം മെമ്മോ അയച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വേഗത വർധിപ്പിക്കുന്നതിനും കൃത്യനിർവഹണം എളുപ്പമാക്കുന്നതിനുമാണ് പിരിച്ചുവിടൽ എന്നാണ് മെമ്മോയിൽ പറയുന്നത്.

Read also: EPFO ജനന തെളിവായി ആധാർ നീക്കം ചെയ്യുന്നു; നിലവിൽ പരിഗണിക്കുന്ന രേഖകൾ ഇവ

ജോലിയുടെ കാഠിന്യം കുറയ്ക്കുന്നതിനായി പുതിയ ഉപകരണങ്ങളും എ.ഐ സോഫ്റ്റ്‌വെയറുകളും കമ്പനി സ്വീകരിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടൽ തുടരുമെന്നും സൂചനകളുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നടന്നത് പോലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള പിരിച്ചുവിടലല്ല ഇത്തവണ ഉണ്ടാകുക എന്നും പിച്ചൈ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. നേടാൻ വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം എല്ലാവർക്കും ഇമെയിൽ അയച്ചിട്ടുണ്ടെന്നും എന്നാൽ മൊമ്മോയിലെ മറ്റ് ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ഗൂഗിൾ പ്രതിനിധി പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ ആഗോളതലത്തില്‍ തന്നെ 12000 ജോലികള്‍ (6 ശതമാനം) വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടതായി അറിയിച്ചിരുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,82,381 ജീവനക്കാരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്.

Story highlights: Sundar Pichai informs employees about layoffs in 2024