എല്ലാം ദൈവം നോക്കിക്കോളും, ദൈവത്തോട് ഒരു 500 രൂപ ചോദിച്ചാലോ…?; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി ‘ഇക്രു’:വീഡിയോ

‘എല്ലാം ദൈവം നോക്കിക്കോളും…’ ആരെങ്കിലും ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലേ നമ്മോടും. എത്ര അവിശ്വാസിയാണെങ്കിലും പെട്ടെന്നൊരു വീഴ്ച പറ്റുമ്പോള്‍ ഒരു പക്ഷെ ആദ്യം വിളിക്കുന്നതും ദൈവത്തെയാവാം… കുഞ്ഞുനാള്‍ മുതല്‍ കണ്ടും കേട്ടും വളര്‍ന്ന ചില സാഹചര്യങ്ങള്‍ ചില വാചകങ്ങള്‍…!

പറഞ്ഞുവരുന്നത് എന്താണെന്നുവച്ചാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന ഒരു ഹ്രസ്വചിത്രത്തെക്കുറിച്ചാണ്. ‘ഇക്രു’. ബാല്യത്തിന്റെ നിഷ്‌കളങ്കത ആവോളം ആവാഹിച്ച ഒരു മനോഹര ഹ്രസ്വചിത്രം. കേവലം വെറുമൊരു ഷോര്‍ട്ട് ഫിലിം എന്ന് ഇക്രുവിനെ നിസാരവത്കരിക്കാന്‍ ആവില്ല. അതിലെല്ലാമുപരി മനോഹരമായ ഒരു സിനിമയുടെ പകിട്ടുണ്ട് ഇക്രുവിന്.

തന്റെ നിസഹായവസ്ഥയില്‍ ഇക്രു ഒരു കത്തെഴുതുകയാണ്, ദൈവത്തിന്. അവന്റെ ജീവിതത്തിലെ വലിയൊരു ആവശ്യം നിറവേറ്റി കിട്ടാനുള്ള അപേക്ഷ. ആരൊക്കൊയോ പറഞ്ഞിട്ടുള്ള, കേട്ടു തഴമ്പിച്ച ‘ദൈവം നോക്കിക്കോളും…’ എന്ന വാക്കുകളുടെ ബലത്തിലാണ് ഇക്രുവിന്റെ കത്ത്. പ്രേക്ഷകന്റെ പോലും ഉള്ളുലയ്ക്കുന്നുണ്ട് കത്തില്‍ ഇക്രു കുറിച്ച അക്ഷരങ്ങള്‍. അത്രമേല്‍ തീവ്രമാണ് അവ. ആ കുഞ്ഞുബാലന്റെ നിസഹായവസ്ഥ കാഴ്ചക്കാരന്റെ മിഴി നിറയ്ക്കുന്നു.
പ്രമേയത്തിലെ വിത്യസ്തതയും മികവുമാണ് ഇക്രു എന്ന ഹ്രസ്വചിത്രത്തില്‍ എടുത്തു പറയേണ്ടത്. ആസ്വാദകന്റെ ഉള്ളില്‍ ആഴത്തില്‍ വേരൂന്നുവാന്‍ തക്കവണ്ണം ഉറപ്പുള്ളതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ‘ലോനപ്പന്റെ മാമ്മേദീസ’, ‘തൊട്ടപ്പന്‍’ എന്നീ സിനിമകളിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മാസ്റ്റര്‍ ഡാവിഞ്ചി സതീഷ്, ഇക്രു എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഡാവിഞ്ചിയുടെ തന്മയത്തതോടെയുള്ള അഭിനയം ഈ കഥാപാത്രത്തിന് നല്‍കുന്ന സ്വീകാര്യതയും ചെറുതല്ല.

സിനിമ സ്വപ്‌നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു കൊച്ചു സ്വപ്‌ന സാക്ഷാത്കാരമാണ് ഇക്രു. തഴക്കവും പഴക്കവുമുള്ള സംവിധാനത്തിന്റെ മികവ് പുലര്‍ത്തിയിട്ടുണ്ട് ഇക്രുവിന്റെ സംവിധായകന്‍ സനു വര്‍ഗീസ്. ഷോര്‍ട്ട് ഫിലിമുകളിലൂടെ പ്രേക്ഷക സ്വീകാര്യനായ രഹുല്‍ രമേഷ്, ജിത്തു ജോണ്‍സണ്‍ എന്നിവരുടെ അഭിനയവും ഈ ഹ്രസ്വചിത്രത്തില്‍ മികച്ചു നില്‍ക്കുന്നു. ജിത്തു ജോണ്‍സണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഗോഡ്വിന്‍ ജിയോ സാബുവിന്റെ പശ്ചാത്തല സംഗീതവും ഹ്രസ്വചിത്രത്തെ ഹൃദ്യമാക്കുന്നുണ്ട്. അന്‍വിന്‍ വര്‍ഗീസ് ഛായാഗ്രഹണവും വിഘ്‌നേഷ് എസ് ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നു. മിഥുന്‍ രാജ്, അഞ്ജു കൃഷ്ണന്‍ തുടങ്ങിയവരുടെ പ്രയത്‌നവും ഇക്രുവിന്റെ വിജയത്തിന് സഹായകരമായി. ചിത്രത്തിന്റെ സംവിധായകനായ സനു വര്‍ഗീസ് തന്നെയാണ് ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത്.