‘ലൂസിഫറി’ലെ പിന്നാമ്പുറകാഴ്ചകൾ; വീഡിയോ കാണാം…

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി മലയാളികൾക്ക് മികച്ചൊരു സിനിമ അനുഭവം സമ്മാനിച്ച ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്‍റ് -1′ എന്ന പേരിലിറങ്ങിയ വീഡിയോയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമാണ് കാണിക്കുന്നത്.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്..

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

“ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമുകള്‍ ഇവനെ ഇബിലീസ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രം” അതാണ് ലൂസിഫർ. ട്രെയ്‌ലർ റിലീസ് ചെയ്‌തതുമുതൽ മലയാളക്കര കെട്ടടങ്ങാത്ത ആവേശത്തിലായിരുന്നു. ലൂസിഫർ എന്ന അവതാരത്തെ കാണാനുള്ള അടങ്ങാത്ത ആവേശത്തിൽ. ആവേശവും ആകാംഷയും ഒട്ടും ചോരാതെ ആദ്യം പകുതി വരെ ആരാധകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിഞ്ഞെങ്കിൽ. സിനിമാപ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിക്കുകയായിരുന്നു രണ്ടാം ഭാഗം.