അട്ടപ്പാടി ഒറ്റപെട്ടു; രക്ഷാപ്രവർത്തനം സജീവമാകുന്നു

പാലക്കാട് അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരം. ഗ്രാമം പൂർണമായും ഒറ്റപെട്ടു. രക്ഷാപ്രവർത്തനത്തിനും സാധ്യമല്ലാത്ത സാഹചര്യമായിരുന്നു. അതേസമയം ഇപ്പോൾ പുഴയ്ക്ക് കുറുകെ കയറുകെട്ടി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് രക്ഷാപ്രവർത്തകർ.

ഇവിടങ്ങളിലേക്കുള്ള പാലങ്ങൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. കൂടൻചാള, കാരയൂർ, വണ്ണാന്തറ എന്നീ മൂന്ന് ഊരുകളെ ബന്ധിപ്പിച്ചിരുന്ന വണ്ണാന്തറയിലെ പാലം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിടങ്ങളിലേക്ക് എത്തപെടുവാനും സാധിക്കാത്ത സാഹചര്യമാണ്.

നാലുദിവസമായി ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങികിടക്കുകയാണ്. ഏകദേശം മുന്നൂറിൽ അധികം കുടുംബങ്ങളാണ് ഇവിടങ്ങളിൽ ഒറ്റപെട്ടു കിടക്കുന്നത്. അതേസമയം ജില്ലയിലെ മൂവായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ വെള്ളപ്പാച്ചിൽ ഒലിച്ചുപോയിരിക്കുകയാണ്. അതിനാൽ വളരെയധികം ബുദ്ധിമുട്ടിലാണ് ഇവിടുത്തുകാർ.