ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നുതന്നെ കണ്ടിട്ടുണ്ടോ; അത്ഭുതപ്പെടുത്തും ഈ വീഡിയോ

രസകരവും കൗതുകകരവുമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇത്തരമൊരു അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാന്‍ പറ്റുമോ…? പലരേയും ആശങ്കപ്പെടുത്തുന്ന ചോദ്യം തന്നെയാണ് ഇത്. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് നമുക്ക് ഭൂമി തിരിയുന്നത് കാണാന്‍ പറ്റില്ല. എന്നാല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഭൂമിയുടെ പരിക്രമണം സംബന്ധിച്ചുള്ള നമ്മുടെ ചിന്താഗതിയെപ്പോലും മാറ്റിമറിയ്ക്കുന്നതാണ് ഈ വീഡിയോ.

ആര്യെഹ് നൈറെന്‍ബെര്‍ഗ് എന്ന യൂട്യൂബര്‍ 2017 ലാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. സോണി എ7എസ്‌ഐഐ ക്യാമറയും കാനോന്‍ 24-70 എംഎം എഫ് 2.8 ലെന്‍സുമാണ് ഈ ടൈംലാപ്‌സ് വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ച് മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ഈ വീഡിയോ പകര്‍ത്തിയത്. 24 മണിക്കൂറാണ് ഭൂമി ഒരുതവണ സ്വയം തിരിയാന്‍ എടുക്കുന്നത്.


വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ വീഡിയോ. എങ്കിലും കഴിഞ്ഞ ദിവസം എഴുത്തുകാരനായ ആഡം സാവേജ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചതോടെ അത്ഭുതക്കാഴ്ച വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി. അതേസമയം ഈ വീഡിയോ കൃത്രിമമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.