എളുപ്പത്തിൽ എങ്ങനെ മാതളനാരങ്ങ പൊളിക്കാം; വൈറലായി വീഡിയോ

October 26, 2019

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് മാതളനാരങ്ങ. എന്നാൽ രുചിയിലും ഗുണത്തിലും ഏറെ മികച്ചുനിൽക്കുന്ന മാതളനാരങ്ങ കഴിക്കാൻ എളുപ്പമാണെങ്കിലും പൊളിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ മാതളനാരങ്ങ എളുപ്പത്തിൽ പൊളിക്കാനുള്ള മാർഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിയ്ക്കുന്നുണ്ട്. ഫലപ്രദമായി എങ്ങനെ മാതളനാരങ്ങ പൊളിച്ചെടുക്കാം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

മാതളനാരങ്ങയുടെ മേൽഭാഗം ആദ്യം നാലായി മുറിച്ച ശേഷം തൊലി പൊളിച്ചുമാറ്റുന്നു. പിന്നീട് വീണ്ടും മാതളനാരങ്ങയിൽ ആറ് മുറിവുകൾ ഇട്ട ശേഷം ഇതിൽ നിന്നും എളുപ്പത്തിൽ അല്ലികൾ അടർത്തിമാറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ വളരെ ഉപകാരപ്രദമാണെന്നും ഇത്തരത്തിലുള്ള വിഡിയോകൾ ഇനിയും  പങ്കുവയ്ക്കപ്പെടണമെന്നുമാണ് കാഴ്ചക്കാർ അഭിപ്രായപ്പെടുന്നത്.

How to effectively slice a pomegranate

അതേസമയം സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്‌ക്കൊപ്പം സജീവമാകുകയാണ് മാതളനാരങ്ങയുടെ ഗുണങ്ങളും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ബെസ്റ്റാണ് മാതളനാരങ്ങ. വൈറ്റമിൻ സി , കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ, വൃക്ക രോഗങ്ങൾ, ഹൃദ് രോഗം, എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് മാതളനാരങ്ങ. ശരീരത്തിൽ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇതിന് കഴിവുണ്ട്. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തിൽ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതളനാരങ്ങ കഴിക്കുന്നതിലൂടെ സാധ്യമാകും.

വൃക്ക സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും ദിവസേന മാതള നാരങ്ങ കഴിക്കുന്നത് ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഈ പഴം കഴിക്കുന്നത് ശീലമാക്കാം. മൂത്രാശയത്തിലുണ്ടാക്കുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും കുട്ടികളിൽ ഉണ്ടാകുന്ന ദഹന സംബന്ധമായ അസുഖങ്ങൾക്കും ഉത്തമ പരിഹാരമാണ് മാതളനാരങ്ങ.