ശ്രദ്ധ നേടി രണ്‍വീര്‍ സിങിന്റെ ’83’ ലുക്ക്; ‘ഇത് കപില്‍ദേവ് അല്ലേ’ എന്ന് സോഷ്യല്‍മീഡിയ

ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് രണ്‍വീര്‍ സിങിന്റെ പുതിയ ലുക്ക്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ’83’ എന്ന ചിത്രത്തിനുവേണ്ടിയുള്ള രണ്‍വീര്‍ സിങിന്റെ ലുക്കാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. 1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥ പറയുന്ന ചിത്രത്തില്‍ കപില്‍ ദേവിനെയാണ് രണ്‍വീര്‍ സിങ് അവതരിപ്പിക്കുക. താരത്തിന്റെ പുതിയ മേക്ക്ഓവര്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുമ്പോള്‍ ‘ഇത് കപില്‍ ദേവ് തന്നെയല്ലേ…’ എന്നാണ് ആരാധകരില്‍ അധികവും നല്‍കുന്ന കമന്റ്.

ഒറ്റക്കാലില്‍ കറങ്ങി തിരിഞ്ഞുള്ള കപില്‍ ദേവിന്റെ മാസ്റ്റര്‍ പീസ് ഷോട്ടിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് രണ്‍വീര്‍ സിങിന്റെ പുതിയ ലുക്ക്. ‘നടരാജ ഷോട്ട്’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് രണ്‍വീര്‍ സിങ് നല്‍കിയ അടിക്കുറിപ്പ്. ’83’ എന്ന ചിത്രത്തിനുവേണ്ടിയുള്ള രണ്‍വീര്‍ സിങിന്റെ ലുക്ക് ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ ഈ ലുക്ക്, ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്നു. ‘ഒരിക്കല്‍ക്കൂടി ചാംപ്യന്‍’ എന്നാണ് രണ്‍വീര്‍ സിങിന്റെ ചിത്രത്തിന് ആയുഷ്മാന്‍ ഖുറാന നല്‍കിയ കമന്റ്.

Read more:കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

രണ്‍വീര്‍ സിങിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ജൂലൈയിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ദീപികയാണ് ചിത്രത്തിലെ നായിക. കബീര്‍ സിങാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അടുത്ത ഏപ്രിലില്‍ ’83’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.