‘ഈ സുന്ദരി ഇന്ന് ബോളിവുഡ് റാണി’; പിറന്നാൾ വേളയിൽ വൈറലായി താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ!

January 5, 2024

സ്വന്തം പരിശ്രമം കൊണ്ട് മാത്രം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് ദീപിക പദുകോൺ. ഇന്ന് ബോളിവുഡിൽ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണെന്ന് മാത്രമല്ല നായകന്റെ പകിട്ടൊന്നുമില്ലാതെ തന്നെ ഒരു സിനിമ ഒറ്റയ്ക്ക് മുൻപോട്ട് കൊണ്ട് പോകാനും ഇന്ന് ദീപികയ്ക്ക് കഴിയും. ദീപികയ്ക്ക് വേണ്ടി മാത്രം സിനിമകൾ ഉണ്ടാക്കപ്പെടുന്നു എന്നതും താരത്തിന്റെ പ്രതിഭയുടെ അടയാളമാണ്. (Deepika Padukone’s childhood pictures goes viral on her birthday)

ഇന്ന് 38 -ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ്. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളാണ് ദീപിക. ജനിച്ചതും പഠിച്ചതുമെല്ലാം ഡെന്മാർക്കിലാണ്. ദീപികയുടെ പതിനൊന്നാം വയസ്സിലാണ് കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറുന്നത്. അച്ഛന്റെ വഴിയേ ബാഡ്മിന്റൺ പരിശീലനം നേടിയ ദീപിക ദേശീയ ചാംപ്യൻഷിപ്പുകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്.

Read also: മലയാളിയുടെ നെഞ്ചിലുദിച്ച അമ്പിളിക്ക് ഇന്ന് 73-ാം പിറന്നാൾ; ആശംസകളുമായി മോഹൻലാൽ

എന്നാൽ പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. മോഡലിംഗിൽ നിന്ന് പിന്നീട് സിനിമയിലേക്കുള്ള യാത്ര തുടങ്ങി. ദീപികയുടെ ആദ്യചിത്രം കന്നഡ സിനിമയായ ‘ഐശ്വര്യ’-യാണ്. എന്നാൽ അടുത്ത ചിത്രമായ ‘ഓം ശാന്തി ഓം’-മിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് ദീപികയുടെ അഭിനയ ജീവിതം മാറിമറിയുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും ദീപികയെ തേടിയെത്തി. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ദീപിക പിന്നീട് തന്റെ വരവറിയിച്ചു.

പോയ വർഷം റിലീസ് ചെയ്ത പത്താൻ, ജവാൻ എന്നീ രണ്ട് മികച്ച ഷാരൂഖ് ചിത്രങ്ങളിലും ദീപിക അതിമനോഹരമായ പ്രകടനം കാഴ്‌ചവെച്ചിരുന്നു. സ്വന്തം ബ്രാൻഡായ 82E-യിലൂടെ സ്കിൻ കെയർ പ്രൊഡക്റ്റുകൾ വിപണിയിലെത്തിച്ചുകൊണ്ട് ബിസിനസ്സ് രംഗത്തും ശോഭിക്കുകയാണ് ദീപിക. 

നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ സഹപ്രവർത്തകനും നടനുമായ നടൻ രൺവീർ സിംഗിനെ 2018-ൽ ദീപിക വിവാഹം കഴിച്ചു. ഏറെ ജനപ്രീതിയുള്ള ബോളിവുഡ് കപ്പിൾസിൽ പ്രമുഖരാണ് ഇരുവരും. 

Story highlights: Deepika Padukone’s childhood pictures goes viral on her birthday