ആഷിഖ് അബു ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുന്നു; തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്ക്കരൻ

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ ചിത്രമൊരുങ്ങുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. മുംബൈയിൽ ഷാരൂഖിന്റെ വീടായ മന്നത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സിനിമ തീരുമാനമായത്.

ആഷിഖ് അബു തന്നെ ഷാരൂഖിനും ശ്യാം പുഷ്കരനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. വൈറസ് എന്ന മലയാള ചിത്രം കണ്ടതിനു ശേഷമാണ് ഷാരൂഖ് ആഷിഖിനെ മുംബൈയിലേക്ക് ക്ഷണിച്ചത്.

മലയാളത്തിലെ ഒരു ചിത്രത്തിന്റെയും റീമേയ്ക്ക് ആയിരിക്കില്ല ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രമെന്ന് ആഷിഖ് അബു വ്യക്തമാക്കി. മലയാള സിനിമയെ കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിച്ചതെന്നും ആഷിഖ് അബു പറയുന്നു.

2020 ൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറെക്കാലമായി ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് ചിത്രം ചെയ്യാനുള്ള ആലോചനയിലായിരുന്നുവെന്നും അമേരിക്കയിൽ നിന്നും ഷാരൂഖ് ഖാൻ തിരികെ വന്നതോടെ കൂടിക്കാഴ്ച നടക്കുകയായിരുന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കി.

Read More: ദുൽഖറിന്റെ ജീവിതത്തിൽ മറിയം വരുത്തിയ മാറ്റം- ചിരിനിറഞ്ഞ മറുപടിയുമായി മമ്മൂട്ടി

സീറോയുടെ പരാജയത്തെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ഇപ്പോൾ ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ തിരക്കിലാണ് ആഷിഖ് അബു. റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ് നായിക നായകന്മാർ.